പുല്ലാട് രമാദേവി കൊലക്കേസ് വീണ്ടും വിവാദത്തിലേക്ക് : കോല നടത്തിയത് ചുടലമുത്തുവോ ?

Crime
Print Friendly, PDF & Email

തിരുവല്ല: പുല്ലാട് രമാദേവി കൊലക്കേസിൽ 17 വർഷത്തിന് ശേഷം ഭർത്താവ് ജനാർദനൻ നായർ അറസ്റ്റിലായതിന് പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി രമാദേവിയുടെ സഹോദരങ്ങൾ. ജനാർദനൻ നായർ നിരപരാധിയാണെന്നും തമിഴൻ ചുടലമുത്തുവാണ് യഥാർഥ പ്രതിയെന്നും സംശയരോഗം അടക്കം ക്രൈംബ്രാഞ്ച് പ്രചരിപ്പിക്കുന്ന വിവരങ്ങൾ അടിസ്ഥാന രഹിതമാണെന്നും അവർ പറയുന്നു. ബന്ധുക്കളുടെ പ്രചാരണം വികാരപരമാണെന്നും കോടതി എല്ലാം തീരുമാനിക്കട്ടെ എന്നുമുള്ള നിലപാടിലാണ് അന്വേഷണ സംഘം.

യഥാർഥ പ്രതി കെട്ടിട നിർമാണ തൊഴിലാളിയായ തമിഴ്‌നാട് സ്വദേശി ചുടലമുത്തുവാണെന്ന് ഇന്നലെ രമാദേവിയുടെ സഹോദരങ്ങളായ ഉണ്ണികൃഷ്ണൻ നായർ, രാധാകൃഷ്ണൻ നായർ, ഗോപാലകൃഷ്ണൻ എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു. ക്രൈംബ്രാഞ്ച് അറസ്റ്റ് വ്യാജതെളിവുകളുടെ അടിസ്ഥാനത്തിലാണ്. അന്വേഷണം ജനാർദ്ദനൻ നായരിലേക്ക് എത്തിച്ച മുടിയിഴകളുടെ ആധികാരികതയിലും രമാദേവിയുടെ സഹോദരന്മാർ സംശയം പ്രകടിപ്പിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോകാനും എല്ലാം ഒപ്പമുണ്ടായിരുന്ന തങ്ങൾ അന്ന് ഈ മുടിയിഴകൾ കണ്ടില്ലെന്ന് അവർ പറയുന്നു. ക്രൈംബ്രാഞ്ച് പറയുന്ന സംശയ രോഗമാണ് കൊലപാതക കാരണമെന്ന വിശദീകരണവും തെറ്റാണ്. വളരെ സ്‌നേഹത്തോടെയാണ് ഇരുവരും ജീവിച്ചത്. മറിച്ചുള്ള പ്രചാരണങ്ങൾ കളവാണ്.

പൊലീസ് നായ ജനാർദനൻ നായരെ തിരിഞ്ഞു നോക്കിയില്ല, ചുടലമുത്തുവിന്റെ സാധനങ്ങൾ എവിടെ നിന്ന് വന്നു?

ജനാർദനൻ നായർ നിരപരാധിയാണെന്ന് യുക്തിസഹമായ കാരണങ്ങൾ നിരത്തിയാണ് രമാദേവിയുടെ സഹോദരങ്ങൾ പറയുന്നത്. പ്രാഥമിക അന്വേഷണം നടക്കുമ്പോൾ പൊലീസ് നായ എത്തി. ജനാർദനൻ നായർ അവിടെ നിന്നിട്ടും അദ്ദേഹത്തിന്റെ അടുത്തേക്ക് നായ എത്തിയില്ല. ശരിക്കുമുള്ള കൊലപാതകി അദ്ദേഹമായിരുന്നുവെങ്കിൽ നായ സൂചന നൽകേണ്ടിയിരുന്നതല്ലേ? മറ്റൊരു പ്രധാന തെളിവായിരുന്നു സംഭവ സ്ഥലത്ത് കണ്ടെത്തിയ ചുടല മുത്തുവിന്റെ സാധന സാമഗ്രികൾ. സഞ്ചി, ഒരു ചെരുപ്പ്, വാച്ച് എന്നിവയാണ് ചുടലയുടേതായി അവിടെ നിന്ന് കണ്ടെത്തിയത്. ഇക്കാരണങ്ങൾ ഒക്കെയാണ് ചുടലയെ സംശയിക്കുന്നതിലേക്ക് എത്തിച്ചത്. 17 വർഷത്തിന് ശേഷവും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതും സംശയത്തിനിട നൽകുന്നു. കൊല നടന്ന ദിവസം ജനാർദ്ദനൻ നായർ മുഴുവൻ സമയവും ചെങ്ങന്നൂർ പോസ്റ്റ് ഓഫീസിൽ ജോലിയിൽ ഉണ്ടായിരുന്നുവെന്ന അന്നത്തെ സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തിയിരുന്നുവെന്ന് രമാദേവിയുടെ സഹോദൻ പറഞ്ഞു.

ചുടലയുടെ സാധന സാമഗ്രികൾ ഒരു തെളിവ് തന്നെയാണെന്ന കാര്യം അന്വേഷണം സംഘം നിഷേധിച്ചിട്ടില്ല. അയാൾക്ക് വേണ്ടി തെരച്ചിൽ നടക്കുന്നുമുണ്ട്. ഇത്തരം കാര്യങ്ങളിൽ ഉയർന്നു വന്നിട്ടുള്ള സംശയം ദൂരീകരിക്കാൻ ചുടലമുത്തുവിനെ കണ്ടെത്തേണ്ടത് ആവശ്യം തന്നെയാണ്. ഇതിനായി രാജ്യമൊട്ടാകെ അന്വേഷണ ഉദ്യോഗസ്ഥർ സന്ദർശിച്ചിരുന്നു. സംഭവം നടക്കുന്ന സമയത്ത് ചുടലമുത്തുവിനൊപ്പം താമസിച്ചിരുന്ന സ്ത്രീയെ കഴിഞ്ഞ വർഷം തെങ്കാശിയിൽ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അയാൾ എവിടെയെന്ന് തനിക്കറിയില്ല. അന്ന് തന്നെ എവിടേക്കോ പോയി. പിന്നെ കണ്ടിട്ടില്ല എന്നായിരുന്നു അവരുടെ മൊഴി. അതോടെ അന്വേഷണ സംഘം ഇരുട്ടിലായി. ചുടലമുത്തുവിനെ കിട്ടാതെ വന്നപ്പോൾ തങ്ങളുടെ മാനം കാക്കാൻ വേണ്ടി ക്രൈംബ്രാഞ്ച് ജനാർദനൻ നായരെ പ്രതികളാക്കിയെന്നാണ് വാദം. ഇവർ നിയമപോരാട്ടത്തിനൊരുങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *