പാരീസ്: ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാൻസിന്റെ പരമോന്നത ബഹുമതി സമ്മാനിച്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഫ്രാൻസിലെ സിവിലിയൻ – സൈനിക ബഹുമതികളിൽ ഏറ്റവും ഉന്നതമായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലെജിയൻ ഓഫ് ഓണറാണ് മോദിക്ക് സമ്മാനിച്ചത്. പാരീസിലെ എലിസി കൊട്ടാരത്തിൽ നടന്ന സ്വകാര്യ അത്താഴവിരുന്നിന് ശേഷമാണ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പുരസ്‌കാരം കൈമാറിയത്. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലെത്തിയത്. വെള്ളിയാഴ്ച നടക്കുന്ന ഫ്രാൻസിന്റെ ദേശീയദിനാഘോഷത്തിൽ (ബാസ്റ്റീൽ ദിനം) മോദിയാണ് മുഖ്യാതിഥി. കര, വ്യോമ, നാവിക സേനകളിൽനിന്നായുള്ള ഇന്ത്യയുടെ 269 അംഗ സൈനികയൂണിറ്റ് ദേശീയദിനപരേഡിൽ പങ്കെടുക്കുന്നുണ്ട്. ഫ്രഞ്ച് യുദ്ധവിമാനങ്ങൾക്കൊപ്പം ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് റഫാൽ യുദ്ധവിമാനങ്ങളും ആകാശത്ത് അണിനിരക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി മോദി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധമേഖലയിലെ പങ്കാളിത്തം വർധിപ്പിക്കുന്നതടക്കം ചർച്ചയാകും. ചർച്ചയ്ക്കുശേഷംപ്രതിരോധരംഗത്തേതുൾപ്പെടെ സുപ്രധാനകരാറുകളുടെ പ്രഖ്യാപനമുണ്ടാകും.
‘ഇന്ത്യയും ഫ്രാൻസും വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും 25 വർഷത്തെ തന്ത്രപരമായ പങ്കാളിത്തം ആഘോഷിക്കുന്നു, അത് കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്നു’, പ്രധാനമന്ത്രിയെ സ്വീകരിച്ചുകൊണ്ട് ഫ്രഞ്ച് പ്രസിഡന്റ് ട്വീറ്റ് ചെയ്തു.
What do you feel about this post?
Like
Love
Happy
Haha
Sad

