കണ്ണൂർ: ജൂവലറി ജീവനക്കാരിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. അടിമുടി ദുരൂഹത നിറഞ്ഞ സംഭവത്തിന്റെ ചുരളഴിക്കാൻ ശാസ്ത്രീയ അന്വേഷണവഴിയിലൂടെയാണ് പൊലിസ് മുൻപോട്ടു പോകുന്നത് എന്നാണറിയുന്നത്. വിവാഹിതയും രണ്ടുകുട്ടികളുടെ മാതാവുമായ ഈ യുവതി ജീവനൊടുക്കിയത് സാമ്പത്തികതട്ടിപ്പിന് ഇരയായതിനാലാണെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് സൈബർ പൊലിസിന്റെ സഹായത്തോടെ ഇപ്പോൾ ആ വഴിക്ക് അന്വേഷണം ഊർജ്ജിതമാക്കിയത്.
പയ്യാമ്പലം ബേബിബീച്ചിനടുത്ത് കടലിൽ ചാടി ആത്മഹത്യ ചെയ്ത റോഷിത അകപ്പെട്ടത് വൻ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലെന്ന വ്യക്തമായ വിവരം പൊലിസിന് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു വരികയാണ്. റോഷിതയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചത്. ഫോൺ വഴിയുള്ള സാമ്പത്തികതട്ടിപ്പു ഇടപാടുകളിൽ കുരുങ്ങി വിവിധ സമയങ്ങളിൽ പത്തുലക്ഷം രൂപയാണ് റോഷിതയ്ക്കു നഷ്ടമായത്. ഈ ബാധ്യതകൾ തീർക്കുന്നതിനായി സുഹൃത്തുക്കളിൽ നിന്നുൾപ്പെടെ റോഷിത പണം ആവശ്യപ്പെട്ടിരുന്നു. ആത്മഹത്യ ചെയ്ത ദിവസം റോഷിതയുടെ അമ്മയിൽ നിന്നും വാങ്ങിയ സ്വർണം വിറ്റുകിട്ടിയ മൂന്ന് ലക്ഷം രൂപയും അക്കൗണ്ടിലാണത്രെ നിക്ഷേപിച്ചത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ സംസാരത്തിലാണ് റോഷിത കടലിൽ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്.
പതിനായിരം രൂപ മുതൽ നിക്ഷേപിച്ചായിരുന്നു ഇവരുടെ തുടക്കം. തുടക്കത്തിൽ ലഭിച്ച സാമ്പത്തിക നേട്ടത്തിൽ പ്രലോഭിതയായി റോഷിത തട്ടിപ്പുസംഘത്തിന്റെ കെണിയിൽ വീണുപോവുകയായിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി റോഷിതയുടെ ഭർത്താവ് ഇടച്ചേരിയിലെ പ്രമിത്ത്, സഹോദരി ഭർത്താവ് ശ്രീലേഷ് എന്നിവരിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി ടി.കെ രത്നകുമാർ മൊഴിയെടുത്തിട്ടുണ്ട്.
കണ്ണൂർ നഗരത്തിലെ ഒരു ജൂവലറി ജീവനക്കാരിയായ റോഷിതയെ കണ്ണൂർ പയ്യാമ്പലത്തെ ബേബി ബീച്ചിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും റോഷിത സാമ്പത്തികതട്ടിപ്പിന് ഇരയായെന്നും ചൂണ്ടിക്കാണിച്ചു ബന്ധുക്കൾ നൽകിയ പരാതിയിലാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
What do you feel about this post?
Like
Love
Happy
Haha
Sad

