അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്റെ ഭാഗമായി യുഎന്നിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ ഇന്ത്യയിൽ നിന്നാണ് വരുന്നതെന്നും എന്നാൽ പകർപ്പവകാശങ്ങളില്ലെന്നും മോദി പറഞ്ഞു. ‘യോഗ വളരെ പഴയ പാരമ്പര്യമാണ്, എന്നാൽ എല്ലാ പുരാതന ഇന്ത്യൻ പാരമ്പര്യങ്ങളെയും പോലെ ഇത് സജീവവും ചലനാത്മകവുമാണ്. പേറ്റന്റുകളിൽ നിന്നും റോയൽറ്റി പേയ്മെന്റുകളിൽ നിന്നും യോഗ മുക്തമാണ്. പ്രായം, ലിംഗഭേദം, ഫിറ്റ്നസ് ലെവലുകൾ എന്നിവയുമായി യോഗ വേഗം പൊരുത്തപ്പെടുന്നു. വ്യത്യസ്ത വംശങ്ങൾ, വിശ്വാസങ്ങൾ, സംസ്‌കാരങ്ങൾ അങ്ങനെ എല്ലാവർക്കും വേണ്ടിയുള്ളതാണ് യോഗ. ഇത് സാർവത്രികമാണെന്നും മോദി പറഞ്ഞു. യുഎൻ സെക്രട്ടേറിയറ്റിൽ യോഗ സെഷൻ നയിക്കാനാണ് പ്രധാനമന്ത്രി എത്തിയത്.
പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി മോദി ജനങ്ങൾക്കൊപ്പം യോഗ ചെയ്യാനായി ഇരുന്നു. പ്രശസ്ത നടൻ റിച്ചാർഡ് ഗാരി മോദിയുടെ അരികിൽ ഇരിക്കുകയായിരുന്നു. ഓം ജപിച്ച ശേഷമായിരുന്നു യോഗ ആരംഭിച്ചത്. 180 രാജ്യങ്ങളുടെ പ്രതിനിധികൾക്കൊപ്പമാണ് അദ്ദേഹം യോഗ ചെയ്തത്. യുഎൻ ആസ്ഥാനത്ത് എത്തിയ മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ‘ഇന്ന് വളരെ സവിശേഷമായ ദിവസമാണ്, കാരണം ആളുകൾ ഇവിടെ പ്രധാനമന്ത്രി മോദിക്കൊപ്പം യോഗ ചെയ്യും. മോദിയുടെ നേതൃത്വത്തിലാണ് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്’, യുഎന്നിലെ ഇന്ത്യൻ അംബാസഡർ രുചിര കാംബോജ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ രണ്ടാം ദിവസമാണിത്. ചൊവ്വാഴ്ച ന്യൂയോർക്കിലെത്തിയ അദ്ദേഹത്തെ യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു, യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. ഐക്യരാഷ്ട്രസഭ ആസ്ഥാനത്തെ അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് നേതൃത്വം നൽകിയ ശേഷം അദ്ദേഹം വാഷിംഗ്ടൺ ഡിസിയിലേക്ക് പുറപ്പെടും. അവിടെ പ്രസിഡന്റ് ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും ഒപ്പം അത്താഴവിരുന്നിൽ പങ്കെടുക്കും.
What do you feel about this post?
Like
Love
Happy
Haha
Sad

