ആറന്മുള – കിഴക്കേ നടയിലെ ദേവസ്വം സ്റ്റാൾ നിലനിർത്തികൊണ്ടു മറ്റു കടകൾ പൊളിച്ചു നീക്കി. പൊതു മരാമത്ത് വകുപ്പ് അധികൃതരുടെ നേതൃത്വത്തിലാണ് ഞായറാഴ്ച രാവിലെയാണ് കടകൾ നീക്കം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ പൊതുമരാമത്ത് ജീവനക്കാർ എത്തി കടകൾ ഒഴിയാൻ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ജെ.സി.ബി കൊണ്ടുവന്നു പൊളിച്ചു നീക്കിയത്.
ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ റോഡിന് ഇരുവശവുമായി ഉണ്ടായിരുന്ന താത്ക്കാലിക വിൽപ്പന ശാലകൾ ആണ് പൊളിച്ചു നീക്കിയിട്ടുള്ളത്. ആറന്മുള ക്ഷേത്ര നഗരമാക്കുമ്പോൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി കടകൾ പൊളിച്ചു നീക്കാൻ നിർദേശിച്ചിരുന്നു. കിഴക്കേ നടയിൽ വാഹന പാർക്കിങ് ഒരുക്കുന്നതിനും ഇത് സഹായകമാകുമെന്നായിരുന്നു വിലയിരുത്തൽ. ഇതേ തുടർന്ന് ഈ ഭാഗത്തെ കൈയേറ്റങ്ങൾ കണ്ടെത്തുകയും അടയാളപ്പെടുത്തുകയും ചെയ്തു.
പിന്നീട് ഉടമകൾക്ക് നോട്ടീസും നൽകി. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല. കിഴക്കേ നടയിലെ താത്ക്കാലിക കടകൾ തുടരുകയും ചെയ്തു. പുസ്തക ശാലകൾ, ക്ഷേത്ര വഴിപാട് സാധനങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങിയവ ആയിരുന്നു ഉണ്ടായിരുന്നത്. ഇതെല്ലാമാണ് ഇപ്പോൾ പൊളിച്ചു നീക്കിയിരിക്കുന്നത്. എന്നാൽ, ഇതേ തരത്തിൽ പൊതുമരാമത്ത് റോഡിൽ വച്ചിരിക്കുന്ന ദേവസ്വം വഴിപാട് ശാല നീക്കിയിട്ടുമില്ല. ? 25 ലക്ഷത്തോളം രൂപയ്ക്കാണ് ബോർഡ് ഈ ശാലകൾ ലേലം നൽകിയിരിക്കുന്നത് എന്നാണറിയുന്നത്.
സർക്കാർ സ്ഥലത്ത് ദേവസ്വം ബോർഡ് എങ്ങനെ ലേലത്തിൽ കട നൽകും എന്ന ചോദ്യവും ഉയരുന്നുണ്ട്. സ്ഥലം സന്ദർശിച്ച ദേവസ്വം അധികൃതർ സ്റ്റാൾ മാറ്റേണ്ടതില്ല എന്ന് നിർദേശിച്ചതായും അറിയുന്നു. ദേവസ്വം സ്റ്റാൾ ക്ഷേത്ര മതിൽക്കെട്ടിനുള്ളിലേക്ക് മാറ്റണമെന്നാണ് മറ്റുള്ളവർ ആവശ്യപ്പെടുന്നത്. കെ.ശിവദാസൻ നായർ എം.എൽ.എ ആയിരിക്കുമ്പോൾ 25 ലക്ഷം രൂപ ചിലവിൽ കിഴക്കേ നടയിൽ വിപുലമായ പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ ഇവിടെ ടിപ്പറുകളും നിരത്തിൽ ഇറങ്ങാത്ത ബസുകളും ക്രെയിനും മറ്റുമാണ് ഇപ്പോൾ കിടക്കുന്നത്. ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തർക്ക് ഇവിടെ പാർക്കിങ്ങിന് കഴിയുന്നുമില്ല. അനധികൃത പാർക്കിങ് ഒഴിവാക്കി കൂടുതൽ സൗകര്യം ഒരുക്കണമെന്ന് ഭക്തർ ആവശ്യപ്പെടുന്നു.


