തദ്ദേശ ഉപതിരഞ്ഞെടുപ്പിന് കുറ്റമറ്റ വോട്ടര്‍പട്ടിക : ജില്ല കലക്ടര്‍

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് കുറ്റമറ്റ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടിക്രമം വിശദീകരിക്കുകയായിരുന്നു  ജില്ല കലക്ടര്‍. പത്തനംതിട്ട ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോക്കുന്ന് (സ്ത്രീ സംവരണം), കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഓതറ (പട്ടികജാതി സംവരണം), റാന്നി ഗ്രാമ പഞ്ചായത്തിലെ ബ്ലോക്കുപടി (സ്ത്രീ സംവരണം), അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലി (പട്ടികജാതി സംവരണം) എന്നീ  വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്.

ജൂലൈ 21ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത്, ഒഴിവാക്കുന്നത്, പഞ്ചായത്ത്/ വാര്‍ഡ് മാറുന്നത് തുടങ്ങി എല്ലാ അപേക്ഷകളും ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ( ഇ ആര്‍ ഒ) കൃത്യമായി പരിശോധിക്കണം.  ഹിയറിങ്ങില്‍ നേരിട്ട് ഹാജരാകാന്‍ കഴിയാത്തവര്‍ക്ക് ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍ ഒരുക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോം നാല്, പ്രവാസി ഭാരതീയരുടെ പേര് ചേര്‍ക്കുന്നതിന് ഫോം നാല് എ,  പേര് ചേര്‍ക്കുന്നതോ ഒഴിവാക്കുന്നതോ സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ക്ക് ഫോം അഞ്ച്, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിന് ഫോം ആറ്, സ്ഥാന മാറ്റത്തിന് ഫോം ഏഴ് എന്നിങ്ങനെ വോട്ടര്‍മാര്‍ക്ക് ഓഗസ്റ്റ് അഞ്ചുവരെ അപേക്ഷ നല്‍കാം. ഓഗസ്റ്റ് 19ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ എച്ച് മുഹമ്മദ് നവാസ്, തദ്ദേശ സ്വയംഭരണ വകുപ്പ് സീനിയര്‍ സൂപ്രണ്ട് ആര്‍ രാജേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ  ഇ അര്‍ ഒ, അസിസ്റ്റന്റ് ഇ ആര്‍ ഒ തുടങ്ങിയവര്‍ പങ്കെടുത്തു.

ചിത്രം :  കലക്ടര്‍ തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല കലക്ടര്‍ എ നിസാമുദ്ദീന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗം

Leave a Reply

Your email address will not be published. Required fields are marked *