അടൂരില്‍ വയോധികനെ കൊള്ളയടിക്കാന്‍ നോക്കിയത് കമിതാക്കളായ കവര്‍ച്ചക്കാര്‍: കാമുകി സരിത റിമാന്‍ഡില്‍

Crime

അടൂര്‍: കടയടച്ച് വീട്ടിലേക്ക് പോയ വയോധികനെ ബൈക്കില്‍ പിന്തുടര്‍ന്ന് അഞ്ചു പവന്റെ മാല കവര്‍ച്ച ചെയ്യാന്‍ നോക്കുന്നതിനിടെ പോലീസ് പിടിയിലായ യുവതി ചില്ലറക്കാരിയല്ല. നാട്ടുകാരുടെ കൈയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട കാമുകനൊപ്പം പറന്ന് നടന്ന് കവര്‍ച്ച ചെയ്യുന്ന ഇണക്കുരുവികള്‍ കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി പതിനഞ്ചോളം കേസുകളില്‍ പ്രതിയാണ്.

കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് ചാലക്കല്‍ കോളനിയില്‍ ശിവജി വിലാസം സരിത(27)യാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പതിനാലാം മൈലില്‍ കട നടത്തുന്ന പെരിങ്ങനാട് മേലൂട് അമ്പാടി ജങ്ഷന്‍ തങ്കപ്പവിലാസം വീട്ടില്‍ തങ്കപ്പന്റെ(61) മാല ബൈക്കില്‍ എത്തി പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് യുവതി പിടിയിലായത്. ഒപ്പമുണ്ടായിരുന്ന കാമുകന്‍ അന്‍വര്‍ഷ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

തങ്കപ്പന്‍ ബലം പ്രയോഗിക്കുകയും പ്രതികളുമായി മല്‍പ്പിടുത്തം ഉണ്ടാവുകയും ചെയ്തു. സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാര്‍ സരിതയെ തടഞ്ഞു വച്ച് അതുവഴി വന്ന പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാറിനെ വിവരം അറിയിച്ചു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

കട അടച്ച ശേഷം വീട്ടില്‍ പോകാന്‍ നിന്ന തങ്കപ്പന്റെ അടുത്ത് വന്ന് ബൈക്ക് നിര്‍ത്തിയ കമിതാക്കള്‍ ഞങ്ങളെ അറിയില്ലേ എന്നു ചോദിച്ചു. ഇല്ലെന്ന് പറഞ്ഞ് തങ്കപ്പന്‍ തന്റെ വാഹനമോടിച്ച് പോയി. പിന്നാലെ ചെന്ന പ്രതികള്‍ തങ്കപ്പന്റെ കഴുത്തില്‍ കിടക്കുന്ന അഞ്ചു പവന്റെ മാല പറിച്ചെടുക്കാന്‍ നോക്കി. വാഹനം ഓടിച്ചിരുന്ന അന്‍വര്‍ഷയാണ് മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. പരിഭ്രമിച്ച് പോയ തങ്കപ്പന്‍ വാഹനം വേഗത്തില്‍ മുന്നോട്ട് വിട്ടു. ഓവര്‍ടേക്ക് ചെയ്തു കയറിയ പ്രതികള്‍ തങ്കപ്പന്റെ വാഹനം തങ്ങളുടെ ബൈക്ക് കുറുകെ വച്ച് തടഞ്ഞു.

പിന്നെ ഇരുകൂട്ടരും തമ്മില്‍ മല്‍പ്പിടുത്തം നടന്നു. ഇതിനിടെ തങ്കപ്പന്റെ കഴുത്തിലെ മാല പ്രതികള്‍ പൊട്ടിച്ചെടുത്തു. മാല വലിച്ചെടുക്കുന്നതിനിടെ തങ്കപ്പന്റെ കഴുത്തിന് മുറിവേറ്റു. തടയാന്‍ ശ്രമിച്ച തങ്കപ്പനെ പ്രതികള്‍ അടിക്കുകയും ഇടിക്കുകയും കടിക്കുകയും ചെയ്തു. ബഹളം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാര്‍ സരിതയെയും ഇവര്‍ വന്ന മോട്ടോര്‍ സൈക്കിളും തടഞ്ഞു വച്ചു. അപ്പോഴാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍ അവിടെ എത്തിയത്.

അദ്ദേഹം സരിതയെ കസ്റ്റഡിയില്‍ എടുത്തു. രക്ഷപ്പെട്ട പ്രതിയുടെ പേര് അന്‍വര്‍ഷ എന്നാണെന്നും ഇരുവരും വിവിധ പോലീസ് സ്‌റ്റേഷനുകളിലായി പതിനഞ്ചിലധികം മോഷണ കേസുകളില്‍ പ്രതികളാണെന്നും പോലീസ് അറിയിച്ചു. പൊട്ടിച്ചെടുത്ത സ്വര്‍ണമാല സരിതയില്‍ നിന്നും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് അട്ടകുളങ്ങര വനിതാ ജയിലിലേക്ക് അയച്ചു. പ്രതിയെ പിന്നീട് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അനേ്വഷണം നടത്തുമെന്ന് അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍.എസ് അറിയിച്ചു. എസ്.ഐ. മനീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അനേ്വഷിക്കുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *