അഹമ്മദാബാദ്: ഗുജറാത്തിൽ വീശിയടിച്ച ബിപോർജോയ് ചുഴലിക്കാറ്റിൽ രണ്ട് മരണം. ഇരുപത്തിരണ്ടുപേർക്ക് പരിക്കേറ്റു. മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർവരെ വേഗത്തിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപകമായി മരങ്ങൾ കടപുഴകി. മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണ് നിരവധി വാഹനങ്ങൾക്കും കേടുപാടുണ്ടായി. ശക്തമായ കാറ്റിൽ ചിലയിടങ്ങളിൽ വീടുകളുടെ മേൽക്കൂര പറന്നുപോയി. കടൽത്തിരകൾ മൂന്നുമീറ്ററിലേറെ ഉയർന്നു.940 ഗ്രാമങ്ങളിൽ വൈദ്യുതിബന്ധം പൂർണമായി നിലച്ചു.നിരവധി മൃഗങ്ങളും ചത്തു.
സംസ്ഥാനത്ത് പലയിടങ്ങളിലും ഇപ്പോഴും ശക്തമായ മഴ പെയ്യുകയാണെന്നാണ് റിപ്പോർട്ട്.മുന്ദ്ര, ജാഖുവ, കോട്ടേശ്വർ, ലക്‌പട്ട്, നാലിയ എന്നിവിടങ്ങളിലാണ് മഴ ശക്തമായി പെയ്യുന്നത്. ഇവിടെ കാറ്റിന്റെ വേഗതയും കൂടുതലാണ്. ഇന്ന് ഉച്ചയോടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 85 കിലോമീറ്ററാകുമെന്നാണ് കരുതുന്നത്. സൗരാഷ്‌ട്ര, കച്ച് മേഖലകളിലൂടെ കടന്ന് ബിപോർ ജോയി കറാച്ചിക്ക് സമീപം പാകിസ്ഥാൻ തീരത്ത് എത്തും.
അതിനിടെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സംസ്ഥാന എമർജൻസി ഓപ്പറേഷൻസ് സെന്റർ സന്ദർശിച്ച് ദുരന്തത്തിന്റെ ആഘാതം വിലയിരുത്തി. ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തി. നേരത്തേ പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂപേന്ദ്ര പട്ടേലുമായി ടെലിഫോണിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി.
പത്ത് ദിവസത്തിലേറെ അറബിക്കടലിനെ ഇളക്കി മറിച്ച് മാരക ശക്തിയോടെ നീങ്ങിയ ബിപോർജോയ് കനത്ത മഴയും കാറ്റും വിതച്ച് ഇന്നലെയാണ് ഗുജറാത്ത് തീരത്തേക്ക് കടന്നത്. വൈകിട്ട് ഏഴ് മണിയോടെ കച്ച് ജില്ലയിലെ ജഖൗ തുറമുഖത്തിന് സമീപമാണ് കൊടുങ്കാറ്റ് കരയിൽ പതിച്ച് തുടങ്ങിയത്. രാത്രി 10 മണിയോടെ വേഗത 125 കിലോമീറ്ററിലെത്തി.
പ്രഹര പാതയിലെ സകലതും നശിപ്പിക്കുന്ന കാറ്റഗറി 1 കൊടുങ്കാറ്റാണ് ബിപോർജോയ്. കച്ച് ജില്ലയിൽ തീരത്ത് നിന്ന് പത്ത് കിലോമീറ്റർ ഉള്ളിലേക്കുള്ള 120 ഗ്രാമങ്ങളിലെ 46,800 പേരെ ഒഴിപ്പിച്ചു. മൊത്തം ഒരു ലക്ഷത്തോളം പേരെയാണ് ഒഴിപ്പിച്ചത്. 98 ട്രെയിനുകൾ പൂർണമായും 39 ട്രെയിിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.
What do you feel about this post?
Like
Love
Happy
Haha
Sad

