കൃഷിയിലെ ഗിന്നസ് രഹസ്യം പറയാൻ റെജി ജോസഫ് നവകേരള സദസ്സിലെത്തി

Kerala Pathanamthitta
Print Friendly, PDF & Email

റാന്നി – കാർഷിക മേഖലയിൽ സംസ്ഥാന സർക്കാർ നടത്തുന്ന കുതിച്ചു ചാട്ടത്തിനൊപ്പം തന്റെ പരീക്ഷണങ്ങളെയും ചേർത്തു പിടിച്ചതിന്റെ സന്തോഷത്തിലാണ് റാന്നി അങ്ങാടി സ്വദേശി റെജി ജോസഫ്. സംസ്ഥാനസർക്കാരിന്റെ വികസനക്ഷേമപദ്ധതികൾ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്നങ്ങൾ ചോദിച്ചറിയാനും വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങൾക്കു മുന്നിലെത്തുന്ന നവകേരളസദസ്സിന്റെ പത്തനംതിട്ട സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രഭാത യോഗത്തിലാണു റെജി ജോസഫ് മന്ത്രിമാരെ കാണാനും സംവദിക്കാനുമെത്തിയത്.

തനിക്ക് കിട്ടിയ റെക്കോഡ് നേട്ടത്തിനൊപ്പം കാർഷിക മേഖലയിൽ നടത്തുന്ന പരീക്ഷണങ്ങൾ റെജി ജോസഫ് കൃഷിമന്ത്രി പി പ്രസാദിനോട് പങ്ക് വച്ചു.2013 ൽ ഉയരം കൂടിയ ചേമ്പിനും, 2014 ൽ ഉയരം കൂടിയ വെണ്ടക്കയ്ക്കും ലിംക ബുക്ക് ഓഫ് റെക്കോഡ്സിലും അഞ്ച് കിലോതൂക്കം വരുന്ന കിഴങ്ങും, ഒരു മൂട്ടിൽ നിന്നും 17 കിലോതൂക്കം വരുന്ന മഞ്ഞളും സ്വന്തം പറമ്പിൽ ഉൽപ്പാദിപ്പിച്ചതിന് യുആർഎഫ് വേൾഡ് റെക്കോഡ്സിലും റെജി ജോസഫ് ഇടം നേടിയിരുന്നു.

114 സെന്റിമീറ്റർ നീളവും 94 സെന്റീമീറ്റർ വീതിയുമുള്ള ചേമ്പിന്റെ ഇല സ്വന്തമായി ഉൽപ്പാദിപ്പിച്ചതിന് ലാർജെസ്റ്റ് ടാരോ ലീഫ് കാറ്റഗറിയുടെ ഗിന്നസ് വേൾഡ് റെക്കോർഡ് പത്തനംതിട്ട ജില്ലയിലെ റാന്നി കടക്കേത്ത് വീട്ടിൽ റെജി ജോസഫിനു സ്വന്തമാണ്. അഞ്ചുവർഷത്തെ പരിശ്രമ ഫലമായാണ് റെജി ജോസഫ് ഗിന്നസ് റെക്കോഡ് നേട്ടത്തിലെത്തിയത്. തന്റെ കാർഷിക പരീക്ഷണങ്ങളും ജൈവ കൃഷി രീതികളും ഇനിയും തുടരുമെന്നു മന്ത്രിക്കു വാക്കു നൽകിയാണ് റെജി മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *