pathanamthitta – അടിസ്ഥാനരേഖകള്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് അടിച്ചിപ്പുഴ കോളനിവാസികള്‍. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായുള്ള എബിസി ഡി(അക്ഷയ ബിഗ് കാമ്പയിന് ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്) പദ്ധതിയുമായി ബന്ധപ്പെട്ട് അടിച്ചിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പിലൂടെയാണ് നാറാണം മൂഴി ഗ്രാമപഞ്ചായത്തിലെ ചൊള്ളനാവയല്‍, കുടമുരുട്ടി, വലിയപതാല്‍, കരികുളം, നാറാണംമൂഴി പുതിയ കോളനി എന്നീ ആദിവാസി മേഖലയിലെ നിരവധി കുടുംബങ്ങള്‍ക്ക്് അടിസ്ഥാന രേഖകള്‍ നല്‍കിയത്.
ക്യാമ്പിലൂടെ 51 പേര്‍ക്ക് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും, 29 പേര്‍ക്ക് റേഷന്‍ കാര്‍ഡും, 90 പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും നല്കി. എട്ടു പേര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് നല്കി. 74 പേരുടെ ആധാര്‍ അപ്ഡേഷന് നടത്തി. കൈവശമായ രേഖകള്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ നഷ്ടപ്പെടാന്‍ ഇടയായാല്‍ വീണ്ടെടുക്കുന്നതിനായി രേഖകള്‍ ഡിജിറ്റല്‍ രീതിയില്‍ സൂക്ഷിച്ചുവയ്ക്കുന്ന ഡിജി ലോക്കര്‍ സംവിധാനത്തിലൂടെ 181 പേരുടെ രേഖകളുടെ സുരക്ഷിതത്വം ഉറപ്പാക്കി.
ക്യാമ്പിന്റെ ഉദ്ഘാടനം അടിച്ചിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് നിര്‍വഹിച്ചു. വാര്‍ഡ് അംഗം പി.സി. അനിയന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാജന് നീറംപ്ലാക്കല്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുരേഷ്, ഐടി മിഷന് ജില്ലാ പ്രൊജക്റ്റ് മാനേജര്‍ കെ. ധനേഷ്, റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ. നിസാര്‍, റാന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്. ഗണേഷ്, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡെന്നിസ് ജോണ്‍, അക്ഷയ അസിസ്റ്റന്റ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷിനു, രാജപ്പന്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ ഭരണകേന്ദ്രം, ഐടി മിഷന്, പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നാറാണംമൂഴി ഗ്രാമപഞ്ചായത്ത്, സിവില്‍ സപ്ലൈസ്, ആരോഗ്യ സുരക്ഷാ പദ്ധതി, ലീഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ അക്ഷയയുടെ എട്ടു കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു. അക്ഷയ സംരംഭകരായ ആശ ആനന്ദ്, എന്‍. കൃഷ്ണദാസ്, വി.എം. സാജന്, പ്രമീള. പി. ഉണ്ണികൃഷ്ണന്, ടി. സുജാത, സൗമ്യ സിസി എബ്രഹാം എന്നിവരാണ് ക്രമീകരണം ഒരുക്കിയത്.


