മൂന്നാറിൽ മൂന്ന് നില മുതലുള്ള കെട്ടിടങ്ങളുടെ നിർമ്മാണങ്ങൾക്ക് ഹൈക്കോടതി വിലക്ക്

Kerala Idukki

കൊച്ചി: മൂന്നാറിൽ രണ്ടിൽ കൂടുതൽ നിലകളുള്ള കെട്ടിടങ്ങളുടെ നിർമാണ അനുമതിയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. മൂന്നാർ വിഷയം പരിഗണിക്കുന്ന സ്പെഷ്യൽ ബെഞ്ചാണ് രണ്ടാഴ്ചത്തേയ്ക്ക് നിർമാണ അനുമതി വിലക്കിയത്. മൂന്നാറുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കാൻ ചീഫ് ജസ്റ്റിസാണ് പ്രത്യേക ബെഞ്ചിന് രൂപം നൽകിയത്. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരടങ്ങുന്ന സ്പെഷ്യൽ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്നാറിലെ പാരിസ്ഥിതിക വിഷയങ്ങൾ പഠിക്കാനായി അഡ്വ. ഹരീഷ് വാസുദേവനെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു.

പാരിസ്ഥിതിക ദുർബല പ്രദേശങ്ങളിലെ നിർമാണവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി ഉത്തരവുകൾ മൂന്നാറിൽ ലംഘിക്കപ്പെടുന്നതായി കോടതി നിരീക്ഷിച്ചു. മൂന്നാറിലെ നിർമാണ പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിന്റെ എൻഒസി വേണമെന്ന ഉത്തരവ് പാലിക്കപ്പെടാതെ പോകുന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. വയനാടിന് സമാനമായി നിർമാണവുമായി ബന്ധപ്പെട്ടുള്ള ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ മൂന്നാറിന് എന്ത് കൊണ്ട് നൽകുന്നില്ല എന്നും കോടതി ചോദിച്ചു. വിഷയത്തിലെ ഹർജി വീണ്ടും പരിഗണിക്കുന്നത് വരെ നിർമാണ അനുമതി കോടതി വിലക്കുകയായിരുന്നു.

മൂന്നാറിലും പരിസരപ്രദേശങ്ങളിലുമായുള്ള ഒമ്പത് പഞ്ചായത്തുകൾ കേസിൽ കക്ഷികളാണ്. കയ്യേറ്റങ്ങൾ സംബന്ധിച്ച് ജില്ലാ കലക്ടർ നൽകിയ റിപ്പോർട്ടും കോടതി പരിശോധിച്ചിരുന്നു. മൂന്നാറിൽ പാരിസ്ഥിതികാഘാതം പഠിക്കാനായി ഏജൻസിയെ പരിഗണിക്കുന്നതും കോടതിയുടെ പരിഗണനയിലാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *