ആധാറിലെ വ്യക്തി വിവരങ്ങൾ പുതുക്കണം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – പത്തു വർഷമോ അതിനു മുകളിലോ ആയ ആധാർ കാർഡിലെ പൗരൻമാരുടെ വ്യക്തി വിവരങ്ങളും, വിലാസവും പുതുക്കണമെന്ന് സംസ്ഥാന ആധാർ ഡയറക്ടർ വിനോദ് ജേക്കബ് ജോൺ അറിയിച്ചു. ജില്ലയിലെ ആധാർ അപ്‌ഡേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാതല നിരീക്ഷണ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധാർ കാർഡ് ലഭിച്ച് പത്തു വർഷമോ അതിനു മുകളിലോ ആയിട്ടുള്ളതും, ആധാർ എടുത്ത സമയത്ത് നൽകിയിട്ടുള്ള വ്യക്തിഗത വിവരങ്ങൾ പിന്നീട് ഭേദഗതി വരുത്താത്തവരുമായ എല്ലാ വ്യക്തികളും പേര്, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ ആധാർ പോർട്ടലിൽ ചേർത്ത് അപ്‌ഡേറ്റ് ചെയ്യണം.

പത്തനംതിട്ട ജില്ലയിലെ അംഗീകൃത ആധാർ എന്റോൾമെന്റ് കേന്ദ്രങ്ങളായ 65 അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടെത്തി വ്യക്തിഗത വിവരങ്ങളും, വിലാസവും പുതുക്കാവുന്നതാണ്. ഇലന്തൂർ ബ്ലോക്കിൽ 12 ഉം, മല്ലപ്പള്ളി ബ്ലോക്കിൽ അഞ്ചും, കോയിപ്രം ബ്ലോക്കിൽ ആറും, പുളിക്കീഴ് ബ്ലോക്കിൽ ഏഴും, പന്തളം ബ്ലോക്കിൽ 10ഉം, പറക്കോട് ബ്ലോക്കിൽ 14 ഉം, കോന്നി ബ്ലോക്കിൽ ആറും, റാന്നി ബ്ലോക്കിൽ 12 ഉം അക്ഷയ കേന്ദ്രങ്ങളിലാണ് ആധാർ അപ്‌ഡേഷന് സൗകര്യം ഒരുക്കിയിട്ടുള്ളത്.
കൂടാതെ, my Aadhaar(www.my aadhaar.uidai.gov.in) പോർട്ടലിലെ അപ്‌ഡേറ്റ് ഡോക്കുമെന്റ് എന്ന സൗകര്യം ഉപയോഗിച്ച് ഓൺലൈനായും വിവരങ്ങൾ ചേർക്കാം. ആധാർ കേന്ദ്രങ്ങളിൽ വിവരങ്ങൾ പുതുക്കാൻ എത്തുന്ന സന്ദർഭത്തിൽ ആധാറിലേതു പോലെയുള്ള പേര്, വിലാസം എന്നിവ വ്യക്തമാക്കുന്ന ആധാർ അല്ലാത്ത മറ്റേതെങ്കിലും തിരിച്ചറിയൽ രേഖകൾ ഹാജരാക്കേണ്ടത് നിർബന്ധമാണ്.

കുട്ടികളുടെ അഞ്ചു വയസിലെയും, 15 വയസിലെയും നിർബന്ധിത ബയോമെട്രിക്് അപ്‌ഡേഷൻ പൂർത്തീകരിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യാത്തവർ അടിയന്തിരമായി ലിങ്ക് ചെയ്യണമെന്നും യോഗം നിർദേശിച്ചു.

യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി, ഡിസിആർബി ഡിവൈഎസ്പി ആർ. ബിനു, നാഷണൽ ഇൻഫർമാറ്റിക്‌സ് ഓഫീസർ ജിജി ജോർജ്, ജില്ലാ ലീഡ് ബാങ്ക് മാനേജർ സിറിയക് തോമസ്, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ദീപ ചന്ദ്രൻ, ഐടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ കെ. ധനേഷ്, യുഐഡിഎഐ പ്രോജക്ട് മാനേജർ ടി. ശിവൻ, ജില്ലാ ഇ-ഗവേണൻസ് സൊസൈറ്റി അംഗങ്ങൾ, ബന്ധപ്പെട്ട വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *