മൂന്നു സ്ത്രീകളെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Pathanamthitta

പത്തനംതിട്ട: പെരുനാട്ടില്‍ മൂന്നു സ്ത്രീകളെ നായ കടിച്ചു. ആക്രമണകാരിയായ നായയെ തല്ലിക്കൊന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.പെരുനാട് ചന്തയ്ക്ക് സമീപം ലോട്ടറി വില്പന നടത്തുകയായിരുന്ന ഉഷാ ഭവനില്‍ ഉഷാകുമാരി (58)യെ റോഡിന്റെ സമീപം നിന്നിരുന്ന നായ യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമിക്കുകയായിരുന്നു. സമീപത്തുള്ളവര്‍ ഓടിക്കൂടിയപ്പോള്‍ നായ ഓടി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കഴുത്തിനാണ് നായ കടിയേറ്റത്.

പെരുനാട്ടില്‍ തന്നെയുള്ള പൂട്ടിയ സ്വകാര്യ എന്‍ജിനീയറിങ് കോളജിന് സമീപം താമസിക്കുന്ന പൂങ്കാമണ്ണില്‍ മറിയാമ്മ (85), കൊച്ചുമകള്‍ (29) എന്നിവരെയും നായ ആക്രമിച്ചു. മറിയാമ്മയുടെ കണ്ണിന് മുകളിലായി നായ ചാടി കടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ചെറുമകളുടെ കാലിലും പട്ടി കടിച്ചു.

നായയുടെ ആക്രമണത്തില്‍ പരുക്കേറ്റ മൂവരെയും പെരുനാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാര്‍ ചേര്‍ന്ന് നായയെ തല്ലിക്കൊന്നു. ശേഷം പെരുനാട് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് പട്ടിയെ തിരുവല്ല മഞ്ഞാടി വെറ്റിനറി ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പട്ടിക്ക് പേവിഷ ബാധ ഉള്ളതായി വെറ്റിനറി സര്‍ജന്‍ സ്ഥിരീകരിച്ചതായി പ്രസിഡന്റ് അറിയിച്ചു.

ഒരു വര്‍ഷം മുന്‍പ് അഭിരാമി എന്ന പന്ത്രണ്ടുകാരി പേവിഷ ബാധയേറ്റ് മരിച്ചിരുന്നു. നായകളുടെ ശല്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് അടിയന്തരമായി ഇടപെട്ട് ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *