മഴയുടെ നാടാണ് പത്തനംതിട്ട ; !! 16 ശതമാനം അധികം വേനൽമഴ പത്തനംതിട്ടയിൽ തിമിർത്തു പെയ്തു !!

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: ജില്ലയിൽ കത്തുന്ന വേനൽ ചൂടിനെ ശമിപ്പിച്ച് വേനൽമഴ തിമിർത്തു പെയ്തു. 16 ശതമാനം അധികം വേനൽമഴ ജില്ലയിൽ ലഭിച്ചപ്പോൾ പകൽ താപനില ശരാശരി 39 ഡിഗ്രിയിൽ നിന്ന് 31 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. 319.4 മില്ലീമീറ്റർ മഴയാണ് ബുധനാഴ്ച വരെ ജില്ലയിൽ ലഭിച്ചത്. ഒരാഴ്ച മുമ്പ് വരെ 39 ഡിഗ്രിയായിരുന്നു ഉയർന്ന പകൽ താപനില. ഇപ്പോഴത് ശരാശരി 31 ഡിഗ്രി വരെയായി താഴ്ന്നു.

എന്നാൽ ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ലഭിക്കുന്നത് കുറവാണ്. അതിനാൽ തന്നെ ജലനിരപ്പ് താണ നിലയിലാണ്. ബുധനാഴ്ച രാവിലെ ഏഴിന് എടുത്ത കണക്കനുസരിച്ച് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലസംഭരണിയായ കക്കാട് ഡാമിൽ, 34. 31 % ജലം മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഈ സമയം 36.9% വെളളമാണ് കക്കാട് സംഭരണിയിൽ ഉണ്ടായിരുന്നത്. മൂഴിയാർ ഡാമിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 50% ഉണ്ടായിരുന്ന സ്ഥാനത്ത് 28.190 % വെള്ളം മാത്രമാണുള്ളത്.

പമ്പാ ജലസംഭരണിയിൽ കഴിഞ്ഞ വർഷം ഇതേ സമയം 0. 88 % വെളളം ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 0. 55% മാത്രമാണുള്ളത്. ജില്ലയിലെ നഗര പ്രദേശങ്ങളിൽ വേനൽമഴ കൂടുതലായി ലഭിച്ചപ്പോൾ ഡാമിന്റെ വ്യഷ്ടി പ്രദേശങ്ങളിൽ ദുർബലമായതാണ് ജലനിരപ്പ് ഉയരാത്തതിന് കാരണം. എന്തായാലും പൊള്ളുന്ന വേനൽ ചൂടിനും, അതിരൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും ചെറിയൊരളവ് വരെയെങ്കിലും പരിഹാരമായതിന്റെ ആശ്വാസത്തിലാണ് ജനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *