കുമ്പനാട്: ആധുനിക രീതിയിലുള്ള നല്ല ഒന്നാന്തരം റോഡുണ്ട്. പക്ഷേ, ഇവിടെ നിന്ന് ഓതറയ്ക്കും ആറാട്ടുപുഴയ്ക്കും ബസ് സർവീസ് ഇല്ല. നല്ല കിടുക്കൻ റോഡുണ്ടെങ്കിലും ഫലത്തിൽ അതിന്റെ പ്രയോജനം നാട്ടുകാർക്ക് ലഭിക്കുന്നില്ല.
അധികാരികളുടെ കാരുണ്യം കാത്തിരിക്കുകയാണ് ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളും. നെല്ലിമല, കൊച്ചാലുംമൂട്, പഴയകാവ്, കരീലമുക്ക്, മീനാറുംകുന്ന്, കടപ്ര, ചെമ്പകശ്ശേരിപടി തുടങ്ങിയ സ്ഥലങ്ങളിലെ ആളുകളാണ് പൊതു ഗതാഗതം ഇല്ലാത്തതു മൂലം ബുദ്ധിമുട്ടുന്നത്. ഓതറയിൽ നിന്നും ആറു കിലോമീറ്ററും ആറാട്ടുപുഴയിൽ നിന്നും അഞ്ച് കിലോമീറ്ററുമാണ് കുമ്പനാട്ടേക്കുള്ള ദൂരം.
നൂറ് കണക്കിനാളുകളാണ് ദിവസവും പല ആവശ്യങ്ങൾക്ക് കുമ്പനാട്ട് എത്തി തിരുവല്ലയ്ക്കും പത്തനംതിട്ടയ്ക്കും പോകുന്നത്. ഗ്രാമീണ മേഖലയിൽ നിന്നും ദിവസവും സമീപ പട്ടണത്തിലെ സ്‌കൂളുകളിലും കോളജിലും ആശുപത്രിയിലും സർക്കാർ ഓഫീസുകളിലും മറ്റും പോകുന്ന നൂറു കണക്കിന് ആളുകളാണ് ബസ്സ് ഇല്ലാത്തതു മൂലം ദുരിതത്തിലായത്. ഇവർ കുമ്പനാട്, ആറാട്ടുപുഴ, ഓതറ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിയാണ് സമീപ പട്ടണങ്ങളിൽ പോവുന്നത്. ബസ് സൗകര്യം ഇല്ലാത്തത് മൂലം കുമ്പനാട്ടെ വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടവും ഗണ്യമായി കുറഞ്ഞതായി വ്യാപാരികളും പറയുന്നു.
നിവേദനം നൽകി
ഗ്രാമീണ മേഖലയിലെ യാത്രാ ക്ലേശത്തിന് പരിഹാരം കാരണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകനായ സുബിൻ നീറംപ്ലാക്കൽ ഗതാഗത മന്ത്രി അന്റണി രാജുവിന് നിവേദനം നൽകി. ചെങ്ങന്നൂർ ഓതറ, കൊച്ചാലുമൂട്, കുമ്പനാട് വഴി പത്തനംതിട്ടയ്ക്കും ചെങ്ങന്നൂർ ഓതറ, കൊച്ചാലുമൂട്, ഇരവിപേരൂർ വഴി തിരുവല്ലായ്ക്കും ചെങ്ങന്നൂർ, ആറാട്ടുപുഴ, കരീലമുക്ക്, കുമ്പനാട് വഴി മല്ലപ്പള്ളിക്കും ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം.
ടി.കെ റോഡിലെ പ്രധാന ബസ് സ്‌റ്റോപ്പായ കുമ്പനാട് ജങ്ഷനിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് നിലവിൽ ഫെയർസ്‌റ്റേജ് ഇല്ല. തിരുവല്ലയിൽ നിന്ന് കുമ്പനാട്ട് ഇറങ്ങേണ്ട യാത്രക്കാരന് കോഴഞ്ചേരി വരെയുള്ള ടിക്കറ്റും അതുപോലെ കോഴഞ്ചേരിയിൽ നിന്ന് കുമ്പനാട്ട് ഇറങ്ങേണ്ട യാത്രക്കാരൻ തിരുവല്ല വരെയുള്ള ടിക്കറ്റും എടുത്തെങ്കിൽ മാത്രമേ യാത്ര ചെയ്യാൻ പറ്റുകയുള്ളൂ. ഇത് ഓർഡിനറി ബസിനെക്കാളും ഇരട്ടിയിൽ അധികം വരുമെന്നാണ് യാത്രക്കാർ പറയുന്നത്. തിരുവല്ലയ്ക്കും കോഴഞ്ചേരിക്കും തുല്യ ദൂരം വരുന്ന കുമ്പനാട്ട് കെ.എസ്.ആർ.ടി.സി ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസ്സുകൾക്ക് ഫെയർസ്‌റ്റേജ് അനുവദിക്കണമെന്നും മന്ത്രിക്ക് നൽകിയ നിവേദനത്തിൽ സുബിൻ നീറുംപ്ലാക്കൽ ആവശ്യപ്പെട്ടു. ബസ് റൂട്ട് അനുവദിക്കുന്നതിനും കുമ്പനാട്ട് ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസ്സുകൾക്ക് ഫെയർസ്‌റ്റേജ് ഏകികരിക്കുന്നതിനുള്ള തുടർ നടപടി എടുക്കുന്നതിന് കെ.എസ്.ആർ.ടി.സി എം.ഡിക്ക് വേണ്ട നിർദ്ദേശം മന്ത്രി നൽകിയിരിക്കുകയാണ്.


