തിരുവനന്തപുരം: പ്രധാനമന്ത്രിയെ ആദരവോടെ പുകഴ്ത്തി പാളയം ഇമാം വിപി സുഹൈബ് മൗലവി. വന്ദേ ഭാരത് വലിയ വികസന പദ്ധതി തന്നെയാണെന്നും യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് വ്യക്തമാക്കി. പ്രധാനമന്ത്രിയെ നേരിൽ കാണാൻ കഴിയുന്നതിൽ സന്തോഷമുണ്ടന്നും അദ്ദേഹം പറഞ്ഞു.
വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ സർവീസിൽ രാഷ്ട്രീയ കല-മത രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. ഗുരുരത്‌നം ജ്ഞാനതപസ്വി, എസ്ബിഐ മുൻ ചീഫ് ജനറൽ മാനേജരും സാമ്പത്തിക വിദഗ്ധനുമായ ആദി കേശവൻ, നിംസ് എംഡി ഫൈസൽ ഖാൻ, പങ്കജകസ്തൂരി എംഡി ഡോ.ജെ.ഹരീന്ദ്രൻ നായർ, മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ്, നടൻ വിവേക് ഗോപൻ അടക്കം നിരവധി പ്രമുഖർ ആദ്യ യാത്രയിൽ ഉണ്ട്. വിദ്യാർത്ഥികളുടേയും മാദ്ധ്യമ പ്രവർത്തകരുടെയും സംഘത്തെ കൂടാതെ, പ്രമുഖ വ്‌ളോഗർമാരും അടക്കം കന്നിയാത്രിയിൽ പങ്കാളികളായി. പത്തനംതിട്ടയിൽ നിന്നും മാദ്ധ്യമ പ്രവർത്തകർക്കായി പാസ്സ് അനുവദിച്ചിരുന്നു. തിരുവല്ല സ്റ്റേഷനിൽ ട്രെയിൻ നിർത്തുകയും ചെയ്തു. നിരവധി മാദ്ധ്യമ പ്രവർത്തകരാണ് ഈ യാത്രയിൽ പങ്കാളികളായത് .


