ഹരിതചട്ടപ്രകാരമുള്ള ആദ്യ വീട് പത്തനംതിട്ട ജില്ലാ കളക്ടർക്ക്

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഹരിതചട്ടം പാലിച്ച് സങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റമറ്റതും ഗുണമേന്മയുള്ളതുമായ നിർമാണരീതികൾ സജീവമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. പത്തനംതിട്ട കുലശേഖരപതിയിൽ ജില്ലാ കലക്ടർക്കായി പൊതുമരാമത്ത് വകുപ്പ് നിർമിച്ച ഒദ്യോഗിക വസതിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹരിതചട്ടപ്രകാരം നിർമിച്ച പൊതുമരാമത്ത് വകുപ്പിന്റെ ആദ്യകെട്ടിടമാണിത്. പ്രാദേശികമായി ലഭിക്കുന്ന പ്രകൃതിദത്ത വസ്തുക്കൾ, കാർബൺ വികിരണം കുറയ്ക്കാൻ സഹായിക്കുന്ന ലോ വോളടൈൽ പെയിന്റ് എന്നിവ ഉപയോഗിച്ചാണ് നിർമാണ പ്രവർത്തികൾ നടത്തിയിട്ടുള്ളത്. സോളാർ പാനലുകൾ, വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്ന ലോ ഫ്ളോ പ്ലമിംഗ് എന്നിവയും ഉപയോഗിച്ചിട്ടുണ്ട്. കെട്ടിടങ്ങളുടെ സിവിൽ വർക്കുകൾക്ക് ശേഷം മറ്റ് വർക്കുകൾക്കായി പൊളിയ്ക്കുന്നത് ഒഴിവാക്കാൻ കോമ്പോസിറ്റ് ടെൻഡറാണ് സർക്കാർ നൽകുന്നതെന്നും പറഞ്ഞു.

ജില്ലയിൽ പുതിയ മിനിസിവിൽ സ്റ്റേഷനായി ബജറ്റിൽ പണം അനുവദിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷയായ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജുഡീഷ്യൽ കോീപ്ലക്സിനായി സ്ഥലം ഏറ്റെടുക്കുന്നതും അവസാന ഘട്ടത്തിലാണ്. ജില്ലാകലക്ടറുടെ വസതിയുടെ അരികിലുള്ള മിൽമയുടെ സ്ഥലം ഏറ്റെടുത്ത് പുതിയ നിർമാണങ്ങൾ നടത്തുന്നത് മന്ത്രി ചിഞ്ചുറാണിയുമായി ചർച്ച ചെയ്തിട്ടുണ്ട്. പത്തനംതിട്ട വില്ലേജിന്റെ റീസർവേ നടപടികൾ മൂന്നു മാസത്തിനകം പൂർത്തിയാക്കുമെന്നും പറഞ്ഞു.

പത്തനംതിട്ട കുലശേഖരപതിയിൽ മിൽമയുടെ കൈവശമുണ്ടായിരുന്ന 29.54 ആർ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്താണ് ജില്ലാ കലക്ടറുടെ ഒദ്യോഗിക വസതി നിർമിച്ചിട്ടുള്ളത്. 1.24 കോടി രൂപ ചെലവഴിച്ച് രണ്ട് നിലകളിലായി നിർമിച്ചിരിക്കുന്ന 450 സ്വ.മീ വിസ്തീർണമുള്ള കെട്ടിടം ഓഫീസ്, വസതി എന്നീ രണ്ട് ഭാഗങ്ങളായി വേർതിരിച്ചിട്ടുണ്ട്.

മാത്യു ടി. തോമസ് എംഎൽഎ, ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ, നഗരസഭാ അധ്യക്ഷൻ ടി. സക്കീർ ഹുസൈൻ, വാർഡ് കൗൺസിലർ എസ്. ഷൈലജ, മറ്റുജനപ്രതിനിധകൾ, രാഷ്ട്രീയകഷി പ്രതിനിധികൾ, തിരുവല്ല സബ്കലക്ടർ സുമിത് കുമാർ ഠാക്കൂർ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ വി. കെ. ജാസ്മിൻ, എഡിഎം ബി. ജ്യോതി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *