മന്ദമരുതി -അത്തിക്കയം റോഡിന്റെ നിര്‍മാണം ടെന്‍ഡറായി

Kerala Pathanamthitta
Print Friendly, PDF & Email

റാന്നി – മന്ദമരുതി -നീരാട്ടുകാവ് – കക്കുടുമണ്‍ -അത്തിക്കയം റോഡിന്റെ നിര്‍മാണം ടെന്‍ഡറായതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. റാന്നി നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ അവലോകന യോഗം കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്തപ്പോഴാണ് എംഎല്‍എ ഇക്കാര്യം അറിയിച്ചത്. ശബരിമല സ്പെഷ്യല്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി 12.5 കോടി രൂപയാണ് റോഡ് നിര്‍മാണത്തിന് അനുവദിച്ചിരുന്നത്. റാന്നിയിലെ കരാറുകാരനായ കരിങ്കുറ്റിയാണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. എഗ്രിമെന്റ് വച്ചാല്‍ ഉടനെ നിര്‍മാണം ആരംഭിക്കും.

പുതമണ്‍ കുട്ടത്തോട് റോഡിലെ പൈപ്പിടീല്‍ ജൂണിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. പൈപ്പിടീല്‍ നീളുന്നതു കാരണം ഒരു വര്‍ഷമായി നിര്‍മാണം മുടങ്ങിക്കിടക്കുകയാണ്. മണ്ണാറക്കുളഞ്ഞി – ചാലക്കയം പാതയില്‍ പൈപ്പിടീല്‍ കഴിഞ്ഞ് കോണ്‍ക്രീറ്റിംഗ് നടത്തിയിട്ടുണ്ട്. മറ്റ് പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി അധികൃതര്‍ സംയുക്ത പരിശോധന നടത്തും. കിളിയാനിക്കല്‍ – തുളികുളം സംയുക്ത പരിശോധന നടത്തി പൈപ്പിടീല്‍ പൂര്‍ത്തീകരിച്ച് നിര്‍മാണം ഉടന്‍ പുനരാരംഭിക്കും. റീബില്‍ഡ് പ്രവൃത്തികളുമായി ബന്ധപ്പെട്ട് കരാറുകാരുടേയും അധികൃതരുടേയും യോഗം അടിയന്തിരമായി വിളിച്ച് പ്രവൃത്തികള്‍ വേഗത്തിലാക്കും.

അയിരൂര്‍ പഞ്ചായത്ത് സമ്പൂര്‍ണ കുടിവെള്ള പദ്ധതിയിലേക്ക് എത്തിയിരിക്കുന്നു. ജല്‍ ജീവന്റെ അങ്ങാടി, കൊല്ലമുള, കോട്ടാങ്ങല്‍, അത്തിക്കയം പദ്ധതികള്‍ ടെന്‍ഡര്‍ ആയി. കൊറ്റനാട് കുടിവെള്ള വിതരണം ഉടന്‍ ടെന്‍ഡര്‍ ആകും. വടശേരിക്കര പദ്ധതിയില്‍ അയ്യപ്പാ മെഡിക്കല്‍ കോളജ് ഒഴിവാക്കി പേഴുംപാറയില്‍ നിന്നും മലയാലപ്പുഴയിലേക്ക് നേരിട്ട് വെള്ളം പമ്പ് ചെയ്യും.

ശബരിമല തിരുവാരണ പാത (4.25 കോടി) പൂര്‍ത്തിയായി. ചെത്തോങ്കര – അത്തിക്കയം റോഡ് (5 കോടി) ടെന്‍ഡറായി. വെണ്ണിക്കുളം – റാന്നി (1.78 കോടി) പൂര്‍ത്തിയായി. മിനി സിവില്‍ സ്റ്റേഷന്‍ ബ്ലോക്ക് ഒന്നിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഇവിടെ കോടതി മാറ്റുവാനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണം രണ്ട് ആഴ്ചക്കകം പൂര്‍ത്തിയാക്കും. കോടതി മാറ്റിയ ശേഷം പഴയ കോടതി കെട്ടിടം പൊളിച്ചു മാറ്റി പുതിയ കോര്‍ട്ട് കോംപ്ലക്സിന്റെ നിര്‍മാണം ആരംഭിക്കാനാകും. വെച്ചുച്ചിറ പോളിടെക്നിക്ക്, അട്ടത്തോട് ട്രൈബല്‍ സ്‌കൂള്‍, കിസുമം സ്‌കൂള്‍ എന്നിവയുടെ കെട്ടിടങ്ങളുടെ നിര്‍മാണം നടന്നുവരുന്നു. റാന്നി ഗവ ഐടിഐ കെട്ടിടത്തിന്റെ പുതിയ എസ്റ്റിമേറ്റ് തയാറാക്കിക്കൊണ്ടിരിക്കുന്നു. പെരുനാട് മിനിസിവില്‍ സ്റ്റേഷന്‍ നിര്‍മാണം നടക്കുന്നു. അയിരൂര്‍ ഐഎച്ച്ആര്‍ഡി കെട്ടിടം നിര്‍മാണം ആരംഭിച്ചു. എംഎല്‍എ കൂടാതെ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *