ആര്‍ദ്ര കേരളം പുരസ്‌കാരം: ജില്ലാതലം ഒന്നാം സ്ഥാനം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരത്തില്‍ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ പുരസ്‌കാരം ഏറ്റുവാങ്ങി. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി പുരസ്‌കാരം നല്‍കി വരുന്നത്. അഞ്ചു ലക്ഷം രൂപയാണ് പുരസ്‌കാര തുക. 2021-2022 സാമ്പത്തിക വര്‍ഷത്തിലെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളും സ്ഥാപനങ്ങളുടെ നടത്തിപ്പിലെ മികവും കണക്കിലെടുത്താണ് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്പത്തനംതിട്ട ജില്ലയില്‍ ഒന്നാം സ്ഥാനം നേട്ടം കൈവരിക്കാനായത്. പഞ്ചായത്ത്വര്‍ഷാവര്‍ഷം നടത്തി വരുന്ന വിവിധ ആരോഗ്യപദ്ധതികള്‍, അവയുടെ നൂറു ശതമാനം, വിനിയോഗം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിനെ ജില്ലയില്‍ മികച്ചതായി പ്രഖ്യാപിച്ചത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, മറ്റ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്. കൂടാതെ പ്രതിരോധ കുത്തിവയ്പ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പാക്കിയ നൂതനമായ ആശയങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തിയ ഘടകങ്ങളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *