അടൂർ: വടക്കടത്തുകാവ് ഗവ. വൊക്കേഷൻ ഹയർസെക്കൻഡറി സ്‌കൂളിലെ ആൽമരച്ചുവട്ടിൽ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച ഗാന്ധിജിയുടെ പ്രതിമ മുറിക്കുന്നതിനിടെ മരച്ചില്ലകൾ വീണ് തകർന്നു. ഏറത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അപകടകരമായി നിന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്നതിനിടയായിരുന്നു സംഭവം. പ്രതിമ പൂർണമായും തകർന്നു.
കുട്ടികൾക്ക് അപകടകരമാം വിധം സ്‌കൂൾ പരിസരത്ത് മരച്ചില്ലകൾ നിന്നിരുന്നു. ഇത് മുറിച്ചു മാറ്റുന്നതിനിടയിൽ അബദ്ധത്തിൽ മരച്ചില്ല ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുകളിലേക്ക് വീഴുകയാണ് ചെയ്തതെന്ന് ഏറത്ത് ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു. 1934 ജനുവരി 19ന് ഗാന്ധിജി അടൂരിൽ എത്തിയപ്പോൾ പൊതുജനങ്ങളെ അഭിസംബോധന ചെയ്തത് വടക്കടത്തുകാവ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്തെ ആൽമര ചുവട്ടിൽ വച്ചായിരുന്നു. ഈ സമര സമ്മേളനത്തിൽ സ്വാതന്ത്ര്യസമര പ്രഭാഷണം നടത്തുകയും ജനങ്ങളെ സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾ അണിചേരാൻ ആഹ്വാനം ചെയ്തതുമായിട്ടാണ് ചരിത്ര രേഖകളിൽ പറയുന്നത്.
ഗാന്ധിജി അടൂർ താലൂക്കിലെ ഏക സ്വാതന്ത്ര്യ സമര പ്രഭാഷണം നടത്തിയതും വടക്കടത്തുകാവിൽ വച്ചായിരുന്നു. ഇതിന്റെ ഒർമ്മക്കായിട്ടാണ് ആൽമരച്ചുവട്ടിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിമ സ്ഥാപിച്ചത്. മരച്ചില്ല മുറിച്ച സമയം സ്‌കൂൾ അധികൃതർ സ്ഥലത്തില്ലയിരുന്നു എന്നാണ് വിവരം. തിങ്കളാഴ്ച സ്‌കൂൾ തുറക്കാൻ എത്തിയപ്പോഴാണ് മരച്ചില്ലകൾ താഴെ വീണു കിടക്കുന്നതും ഒപ്പം പ്രതിമ തകർന്ന നിലയിലും സ്‌കൂൾ അധികൃതർ കണ്ടെത്തിയത്. ഗാന്ധിജിയുടെ പ്രതിമ തകർന്ന സംഭവത്തിൽ രാഷ്ര്ടീയ ലക്ഷ്യമുണ്ടെന്നും ഇതിന്റെ പിന്നിലെ ഉത്തരവാദികളെ കണ്ടെത്തി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ഏറത്ത് മണ്ഡലം പ്രസിഡന്റ് അഡ്വ.ഡി.രാജീവ് അടൂർ എസ്.എച്ച്.ഒയ്ക്ക് പരാതി നൽകി.
മഹാത്മഗാന്ധി സ്മൃതി മണ്ഡപം തകർന്ന സംഭവത്തിൽ ഗുരുതര വീഴ്ചയെന്ന് യൂത്ത്‌കോൺഗ്രസ്. ഈ സംഭവത്തിൽ കൃത്യവിലോപം ഉണ്ടായിട്ടുണ്ട്. മരിച്ചില്ലകളും കൊമ്പുകളും മുറിക്കാൻ പരിചയമുള്ളവരെയല്ല ചുമതലപ്പെടുത്തിയത്. സ്മൃതിമണ്ഡപം തകർന്ന സംഭവത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് പോലീസ് അന്വേഷിക്കണമെന്നും ഏറത്ത് മണ്ഡലംകമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി റിനോ പി.രാജൻ, മണ്ഡലം പ്രസിഡന്റ് ബിഥുൻ പി.ബാബു, ചൂരക്കോട് ഉണ്ണിക്കൃഷ്ണൻ, അരവിന്ദ് ചന്ദ്രശേഖർ, സാജൻ തടത്തിൽ, എസ്.ആർഷ എന്നിവർ പ്രസംഗിച്ചു.


