മുഖ്യമന്ത്രിയുടെ സന്ദർശനം ; മെഡിക്കൽ കോളേജ് കാമ്പസിനുള്ളിലെ റോഡ് നിർമ്മാണം പൂർത്തിയാക്കാൻ നിർദ്ദേശം

Kerala Pathanamthitta Politics

കോന്നി – മുഖ്യമന്ത്രിയുടെ സന്ദർശനത്തിനു മുൻപു തന്നെ മെഡിക്കൽ കോളേജിനുള്ളിലെ റോഡ് നിർമ്മാണം പൂർത്തിയാക്കാൻ എച്ച്.എൽ.എല്ലിന് അഡ്വ.കെ.യു.ജനീഷ് കുമാർ എം എൽ എ നിർദേശം നല്കി. മുഖ്യമന്ത്രിയുടെ മെഡിക്കൽ കോളേജ് സന്ദർശനത്തിൻ്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മെഡിക്കൽ കോളേജിലെത്തിയപ്പോഴാണ് എം.എൽ.എ റോഡ് നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കാൻ നിർദേശം നല്കിയത്. ഏപ്രിൽ 24നാണ് അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി മെഡിക്കൽ കോളേജിലെത്തുന്നത്.

നിലവിലുള്ള മെയിൻ റോഡിൻ്റെ ടാറിംഗ് അവസാനിക്കുന്നിടം മുതൽ ആശുപത്രിക്ക് മുന്നിലൂടെ അക്കാദമിക്ക് ബ്ലോക്ക് വരെയുള്ള 400 മീറ്റർ റോഡ് നിർമ്മാണം പൂർത്തിയാക്കാനാണ് എം.എൽ.എ നിർദേശം നല്കിയത്. 10 മീറ്റർ വീതിയിൽ രണ്ട് വരി പാതയായാണ് റോഡ് നിർമ്മിക്കുന്നത്.

നിലവിലുള്ള റോഡ് ജി.എസ്.പി, വെറ്റ് മിക്സ് മെക്കാഡം എന്നിവ ഉപയോഗിച്ച് 20 ഇഞ്ച് ഉയർത്തും. ഓടയും നിർമ്മിക്കും. തുടർന്ന് ബി.എം.ആൻഡ് ബി.സി നിലവാരത്തിൽ റോഡ് നിർമ്മിക്കും. കിഫ്ബിയിൽ നിന്നും ലഭ്യമായ 3.5 കോടി രൂപയാണ് നിർമാണത്തിന് ഉപയോഗിക്കുന്നത്.

റോഡ് നിർമാണം പൂർത്തിയാകുന്നതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നവർക്കും, മെഡിക്കൽ വിദ്യാർത്ഥികൾക്കും കാമ്പസിനുള്ളിൽ സുഗമമായ യാത്രാ സൗകര്യം ലഭിക്കും. കൂടുതൽ പാർക്കിംഗ് സൗകര്യവും ലഭ്യമാകും.
ആശുപത്രിക്കും, അക്കാദമിക്ക് ബ്ലോക്കിനും ഇടയിലുള്ള സ്ഥലം ലെവൽ ചെയ്ത് ഉദ്ഘാടന സമ്മേളനത്തിനായി സജ്ജമാക്കാനും എംഎൽഎ നിർദേശം നല്കി. ആദ്യമായി മുഖ്യമന്ത്രി മെഡിക്കൽ കോളേജിലെത്തുമ്പോൾ സ്വീകരിക്കാൻ കോന്നി നാട് ഒന്നാകെ മെഡിക്കൽ കോളേജിലെത്തിച്ചേരുമെന്ന് എംഎൽഎ പറഞ്ഞു. ഇതിനായുള്ള തയാറെടുപ്പുകൾ മലയോര നാട്ടിൽ ആരംഭിച്ചതായും എംഎൽഎ പറഞ്ഞു.

എംഎൽഎയോടൊപ്പം പ്രിൻസിപ്പൽ ഡോ. മെറിയം വർക്കി, സൂപ്രണ്ട് ഇൻചാർജ് ഡോ. ഷാജി അങ്കൻ, എച്ച്.എൽ.എൽ സീനിയർ പ്രൊജക്ട് മാനേജർ രതീഷ് കുമാർ, ജഥൻ കൺസ്ട്രക്ഷൻ സീനിയർ പ്രൊജക്ട് മാനേജർ ബി. ജീവ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *