കൊച്ചി: തലശ്ശേരി ആർച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ രൂക്ഷമായി വിമർശിച്ച് അൽമായ മുന്നേറ്റം എറണാകുളം അതിരൂപത സമിതി. റബറിന് 300 രൂപ തന്നാൽ ബിജെപിക്ക് വോട്ടു ചെയ്യാമെന്ന് പറഞ്ഞ ജോസഫ് പാംപ്ലാനിയെ 30 വെള്ളിക്കാശിന് യേശുവിനെ ഒറ്റുകൊടുത്ത യൂദാസിനോടാണ് ഉപമിച്ചിരിക്കുന്നത്. ജോസഫ് പാംപ്ലാനി സംഘ്പരിവാർ നിലവാരത്തിൽ നിന്ന് താഴേക്ക് പോകുന്നുവെന്നും പരിഹസിച്ചു.
രാജ്യത്ത് ക്രൈസ്തവർ നേരിടുന്ന അക്രമങ്ങളും ക്രിസ്ത്യൻ പള്ളികൾ അടിച്ചു തകർക്കുന്നതും അറിയാതെയല്ല പാംപ്ലാനി ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നത്. റബറിന് 300 രൂപ തന്നാൽ ബിജെപിക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്ന പാംപ്ലാനിയും 2000 വർഷം മുമ്പ് 30 വെള്ളിക്കാശ് തന്നാൽ ക്രിസ്തുവിനെ കാണിച്ചുതരാമെന്ന് പറഞ്ഞ യൂദാസും തമ്മിൽ കാലഘട്ടത്തിന്റെ വ്യത്യാസം മാത്രമാണെന്നും ആരോപിച്ചു.
പാംപ്ലാനി നടത്തുന്നത് നിരുത്തരവാദ പ്രസ്താവനയാണെന്നും സമിതി പറഞ്ഞു. വിചാരധാരയെ ന്യായീകരിക്കുന്ന പാംപ്ലാനി അതിനെ ലഘൂകരിച്ച് കാണിക്കാൻ നടത്തുന്ന ശ്രമം സാധാരണ സംഘിയേക്കാൾ തരംതാഴുന്നു എന്നതിന്റെ തെളിവാണെന്നും സമിതി പരിഹസിച്ചു. സ്വാർത്ഥ താൽപര്യങ്ങൾ മുൻ നിർത്തി സംഘ്പരിവാറിന് ക്രിസ്ത്യൻ സമൂഹത്തെ മുഴുവൻ ഒറ്റിക്കൊടുക്കുന്നെന്നും ആക്ഷേപിച്ചു.
വിചാരധാരയിൽ ക്രിസ്ത്യാനികളെ കുറിച്ച പരാമർശം തള്ളിപ്പറയാനോ അത് അന്നത്തെ കാലഘട്ടത്തിൽ എഴുതിയതാണ് എന്ന് പറഞ്ഞ് ന്യായീകരിക്കാനോ സംഘ്പരിവാർ സംഘടനകൾ പോലും ശ്രമിച്ചിട്ടില്ല. എന്നാൽ അതിനെ ലഘൂകരിക്കാനുള്ള ശ്രമത്തിലൂടെ മാർ പാംപ്ലാനി സാധാരണ സംഘിയേക്കാൾ തരംതാഴുന്നു എന്നതിന്റെ തെളിവാണെന്നും സമിതി പരിഹസിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

