സംസ്ഥാനത്തെ മികച്ച ഭിന്നശേഷി അധ്യാപികക്കുള്ള സമഗ്ര ശിക്ഷാ കേരളയുടെ അവാർഡിന് കോഴഞ്ചേരി ബ്ലോക്ക് റിസോഴ്സ് സെന്ററിലെ പ്രിയ പി നായർ അർഹയായി. കഴിഞ്ഞ 10 വർഷങ്ങളിലധികമായി സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയി പ്രവർത്തിക്കുന്ന പ്രിയ ഭിന്നശേഷിക്കുട്ടികളുടെ മേഖലയിൽ നടത്തിയ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് അവാർഡ്. ഭിന്നശേഷിക്കുട്ടികളുടെ വീടുകളിൽ നടപ്പാക്കിയ ജൈവ കൃഷി പദ്ധതി, പത്താം ക്ലാസ്സിലെ വിദ്യാർഥികൾക്കായ് തയ്യാറാക്കിയ അനുരൂപീകരണ പാഠ പുസ്തകം, പഠന സാമഗ്രികൾ, കോവിഡ് കാലത്ത് സംസ്ഥാനതലത്തിൽ തയ്യാറാക്കിയ വീഡിയോ ക്ലാസുകൾ തുടങ്ങിയവ പ്രത്യേകം പരിഗണിച്ചു.
അയിരൂർ കൃഷിഭവൻ മികച്ചയുവ കർഷക, വിദ്യാലയ കർഷകോത്തമ പുരസ്കാരം , അയിരൂർ ഹിന്ദു മത പരിഷത് കർഷകോത്തമ പുരസ്കാരം, 2019-20 മാതൃഭൂമി സീഡിന്റെ ജില്ലയിലെ മികച്ച അധ്യാപിക കോ-ഓർഡിനേറ്റർ അവാർഡ്, മട്ടുപ്പാവ് കൃഷിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് എന്നിവ പ്രിയക്കു ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ വെച്ചു നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അവാർഡ് സമ്മാനിക്കും.


