കായംകുളം ∙ സ്ത്രീധനത്തിന്റെ പേരിലുള്ള തല്ലിച്ചതക്കൽ സഹിക്കവയ്യാതെ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയ സിപിഐ ലോക്കൽ സെക്രട്ടറിയുടെ ഭാര്യയെ പോലീസ് ആശുപത്രിയിലാക്കി. സിപിഐ ചിറക്കടവം ലോക്കൽ സെക്രട്ടറി, ചിറക്കടവം പുത്തൻവീട്ടിൽ ഷമീർ റോഷന്റെ ഭാര്യ ഇഹ്സാനയെയാണ് (24) കായംകുളം പൊലീസ് താലൂക്ക് ആശുപത്രിയിലാക്കിയത്. ഷമീർ റോഷനെതിരെ ഗാർഹിക പീഡനത്തിന് കേസുമെടുത്തു . ഇയാൾ ഇപ്പോൾ ഒളിവിലാണ് എന്നാണു പോലീസ് പറയുന്നത്. ഭർത്താവും, ഭർത്താവിന്റെ വീട്ടുകാരും ഒക്കെ ചേർന്ന് ക്രൂരമായി തല്ലിച്ചതച്ചു എന്നാണു കേസ്. മൂന്നുവർഷം മുൻപായിരുന്നു ഷമീർ റോഷനുമായി ഇഹ്സാനയുടെ വിവാഹം. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് സ്ഥിരമായി തല്ലിയിരുന്നെന്ന് യുവതി നൽകിയ മൊഴിയിൽ പറയുന്നു. ഇന്നലെ ഭർത്താവും ഭർതൃമാതാവും ഭർതൃസഹോദരിയും ചേർന്നാണ് തല്ലിയത്. സഹിക്കാൻ കഴിയാതെ വന്നപ്പോൾ വൈകിട്ട് അഞ്ചരയോടെ പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നുവെന്ന് ഇഹ്സാന പറഞ്ഞു. ഇവരുടെ പുറത്ത് ബെൽറ്റുകൊണ്ടുള്ള അടിയേറ്റ പാടുകളുണ്ട്.


