മൂലൂർ അവാർഡ് സമർപ്പണം നാളെ (18) മന്ത്രി സജി ചെറിയാൻ നിർവഹിക്കും
ഇലവുംതിട്ട – മൂലൂർ അവാർഡ് സമർപ്പണം നാളെ (ഫെബ്രുവരി 18) ഉച്ചകഴിഞ്ഞ് 3.30ന് ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സരസകവി മൂലൂർ എസ് പദ്മനാഭപണിക്കരുടെ സ്മരണയ്ക്കായി പ്രവർത്തിക്കുന്ന ഇലവുംതിട്ട മൂലൂർ സ്മാരക സമിതി ഏറ്റവും മികച്ച മലയാള കവിതാ സമാഹാരത്തിന് നൽകി വരുന്ന 25001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന 37-ാമത് മൂലൂർ അവാർഡിന് ഡോ. ഷീജ വക്കം രചിച്ച ശിഖണ്ഡിനി എന്ന കാവ്യാഖ്യായികയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
പ്രൊഫ. മാലൂർ മുരളീധരൻ, പ്രൊഫ. പി.ഡി. ശശിധരൻ, പ്രൊഫ. കെ. രാജേഷ് കുമാർ എന്നിവർ അംഗങ്ങളായ പുരസ്‌കാര നിർണയ സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ചടങ്ങിൽ മൂലൂർ സ്മാരക സമിതി പ്രസിഡന്റ് പി.വി. മുരളീധരൻ അധ്യക്ഷത വഹിക്കും. പി.ഡി. ബൈജു പ്രശസ്തിപത്ര അവതരണം നടത്തും. അവാർഡ് കവിതയുടെ ആലാപനം ഡോ. മണക്കാല ഗോപാലകൃഷ്ണൻ നിർവഹിക്കും.
What do you feel about this post?
Like
Love
Happy
Haha
Sad

