പത്തനംതിട്ട – ശബരിമല മണ്ഡലകാല, മകരവിളക്ക് ഉത്സവത്തിനുശേഷം നട അടച്ച് പന്തളത്തേക്ക് തിരിച്ച തിരുവാഭരണ ഘോഷയാത്രാ സംഘം നാളെ (24ന്) പന്തളത്ത് എത്തിച്ചേരും. ജനുവരി 13 നാണ് തിരുവാഭരണപ്പെട്ടികളുമായി ശബരിമലയിലേക്ക് ഘോഷയാത്രാസംഘം പന്തളത്ത് നിന്ന് പോയത്. മകരവിളക്ക് മഹോത്സവത്തിന് ശേഷം 22-ന് നടയടച്ച ശേഷമാണ് തിരുവാഭരണഘോഷയാത്രാസംഘം പരമ്പരാഗത പാതയിലൂടെ തിരിച്ച് പന്തളത്തേക്ക് എത്തുന്നത്.
ഇന്നലെ (23ന്) വൈകുന്നേരത്തോടെ ആറന്മുള മങ്ങാട്ട് കൊട്ടാരത്തിലെത്തിച്ചേർന്ന ഘോഷയാത്രാസംഘം രാത്രി വിശ്രമത്തിന് ശേഷമാണ് നാളെ പന്തളത്തേക്ക് എത്തുക. ആറന്മുള മങ്ങാട്ട് കൊട്ടാരത്തിൽ ആഭരണങ്ങൾ ദർശനത്തിനായി തുറന്ന് വച്ചിരുന്നു. നാളെ (ബുധൻ) പുലർച്ചെ ആറന്മുളയിൽ നിന്ന് തിരിച്ച് കുറിയാനിപ്പള്ളി, ഉള്ളന്നൂർ, കുളനട വഴിയാണ് രാവിലെ ഏഴ് മണിക്ക് പന്തളത്ത് എത്തിച്ചേരുക.
പന്തളം വലിയകോയിക്കൽ കൊട്ടാരത്തിലെത്തുന്ന ആഭരണപ്പെട്ടികൾ ദേവസ്വം ബോർഡ് അധികാരികളിൽ നിന്ന് കൊട്ടാരം നിർവാഹകസംഘം ഏറ്റുവാങ്ങി സുരക്ഷിതമുറിയിൽ സൂക്ഷിക്കും. അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രത്തിനും വിഷുവിനുമാണ് ഇനി തിരുവാഭരണങ്ങൾ ദർശനത്തിനായി തുറക്കുന്നത്.



