ഇലന്തൂർ: വീതി കൂട്ടാതെ പുനരുദ്ധരിച്ചതു മൂലം ഓമല്ലൂർ-ഇലന്തൂർ (പരിയാരം) റോഡിൽ അപകടം തുടർക്കഥയാവുന്നു. വീതിക്കുറവും കൊടുംവളവും കാരണം ജെ. എം. ആശുപത്രി ജങ്ഷനിൽ നിരന്തരം അപകടങ്ങളാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് കാറുമായി കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് പരുക്കേറ്റിരുന്നു.
ഉന്നത നിലവാരത്തിൽ പുനർനിർമ്മിച്ച റോഡിന്റെ പല ഭാഗങ്ങളിലും നിശ്ചിത അളവിൽ വീതി എടുക്കാതെ ടാറിങ് നടത്തുകയായിരുന്നു. റോഡിലൂടെ അമിത വേഗതയിൽ പാഞ്ഞ് വരുന്ന വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായി. അപകടനിരക്കും ഉയർന്നു. ജെ.എം. ആശുപത്രി ജങ്ഷനിൽ നിന്നുളള അരകിലോമീറ്റർ വീതി തീരെ കുറവാണ്. ഈ ഭാഗത്ത് കഷ്ടിച്ച് ഒരു വാഹനത്തിന് പോകാനുളള വീതിയേ ഉളളു. കൊടും വളവുകളുമാണ്. ഇരു വശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തതും അപകടങ്ങൾ വർധിപ്പിക്കുന്നു.
ജെ.എം ആശുപത്രി ഉടമസ്ഥരായ ഇലന്തൂർ മാർത്തോമ്മാ വലിയപളളി സ്ഥലം വിട്ടു കൊടുക്കാൻ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. ഇതു കൂടാതെ ഉദ്യോഗസ്ഥർ ജെ.സി.ബിയുമായി എത്തി മതിൽ പൊളിച്ചു നീക്കിയത് വിവാദമായിരുന്നു. പൊളിച്ച മതിൽ അതേ സ്ഥിതിയിൽ അവിടെ കിടപ്പുണ്ട്. മതിൽ പൊളിച്ചതല്ലാതെ റോഡിന്റെ ഇരുവശങ്ങളിലുമുളള മറ്റ് സ്ഥലം ഉടമകളുമായി സംസാരിച്ച് വീതി കൂട്ടാൻ ഒരു നടപടിയും പൊതു മരാമത്ത് വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ല. ജെ.എം. ആശുപത്രി ജങ്ഷനിൽ സംഗമിക്കുന്ന തുമ്പമൺ പരിയാരം റോഡിൽ കൈയേറ്റങ്ങൾ ഉണ്ട്.
ഈ ഭാഗത്തെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചാൽ തന്നെ ജങ്ഷനിൽ നല്ല വീതി കിട്ടും. പ്രക്കാനം ഓർത്തഡോക്സ് വലിയപളളിയുടെ സമീപത്തും റോഡ് ഇതേപോലെ അപകടക്കെണിയായി നിൽക്കുന്നു. വീതിക്കുറവും വളവും കാരണം ഇവിടെയും അപകടം വർധിച്ചു വരുന്നു.


