സിനിമ, രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന പി.വി. ​ഗം​ഗാധരൻ അന്തരിച്ചു

Kerala Kozhikkodu
Print Friendly, PDF & Email

കോഴിക്കോട് – പി.വി. ഗംഗാധരൻ (80) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പൊതുദർശനം ആഴ്ചവട്ടത്തെ വീട്ടിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുവരെയും തുടർന്ന് രണ്ട് മണിമുതൽ കെ.ടി.സി ഓഫീസിലും വൈകീട്ട് അഞ്ച് മുതൽ ടൗൺഹാളിലും നടക്കും. രാത്രി ഒൻപത് വരെയാണ് ടൗൺഹാളിലെ പൊതുദർശനം. സംസ്ക്കാരം ശനിയാഴ്ച വൈകിട്ട് ആറിന് ആഴ്ചവട്ടത്തെ വീട്ടുവളപ്പിൽ.

മലയാള സിനിമയുടെ ചരിത്രത്തിൽ ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങൾ നിർമ്മിച്ച ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ഉടമസ്ഥനായിരുന്നു അദ്ദേഹം. കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം എ.ഐ.സി.സി അംഗം വരെ ആയിരുന്നു.

സിനിമയിലേയും രാഷ്ട്രീയത്തിലേയും നിറസാന്നിദ്ധ്യമായിരുന്നു ഏവരും സ്‌നേഹപൂർവ്വം പി.വി.ജി എന്ന്‌ വിളിച്ചിരുന്ന പി.വി ഗംഗാധരൻ.
മലബാർ എയർപോർട്ട് കർമസമിതിയുടെയും ട്രെയിൻ കർമസമിതിയുടെയും ചെയർമാനാണ്. മൂന്നുതവണ പാരീസ് കേന്ദ്രീകരിച്ചുള്ള ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായിരുന്നു. കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ, കേരളാ ഫിലിം ചേംബർ പ്രസിഡന്റ്, ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് എന്നിങ്ങനെ ഒട്ടേറെ പ്രധാന പദവികൾ വഹിച്ചിരുന്നു. പി.വി.എസ്. ആശുപത്രി ഡയറക്ടർ, ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം ഡയറക്ടർ, ശ്രീനാരായണ എജ്യുക്കേഷൻ സൊസൈറ്റി ഡയറക്ടർ, പി.വി.എസ്. നഴ്സിങ് സ്‌കൂൾ ഡയറക്ടർ, മാതൃഭൂമി സ്റ്റഡിസർക്കിൾ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. പന്തീരാങ്കാവ് എജുക്കേഷൻ സൊസൈറ്റി പ്രസിഡന്റ്, പി.വി.എസ്. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഡയറക്ടർ, പിവി.എസ് ഹൈസ്‌കൂൾ ഡയറക്ടറുമാണ്. കാലിക്കറ്റ് സർവകലാശാലാ മുൻ സെനറ്റ് അംഗവുമായിരുന്നു.

ശനിയാഴ്ച വൈകീട്ട് ഏഴിന് ടൗൺഹാളിൽ അനുശോചനയോഗം ചേരും.

 

Leave a Reply

Your email address will not be published. Required fields are marked *