ജില്ലയിലെ ഒന്നര ലക്ഷം കുടുംബശ്രീ അംഗങ്ങൾ തിരികെ സ്‌കൂളിലേക്ക്

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – 25 വർഷം പിന്നിട്ട കുടുംബശ്രീ സംഘടനാ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പുതിയ കാലത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി നൂതന പദ്ധതികൾ ഏറ്റെടുക്കാൻ പ്രാപ്തമാക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ ഭൗതിക സഹായത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന കുടുംബശ്രീ ശാക്തീകരണ പരിപാടിയാണ് ‘തിരികെ സ്‌കൂളിൽ’. പരമ്പരാഗത പരിശീലന പരിപാടികളിൽ നിന്ന് വ്യത്യസ്തമായി സ്‌കൂളിലേക്ക് ചെല്ലുന്ന രീതിയാണ് ഈ പരിശീലനത്തിൽ അവലംബിച്ചിരിക്കുന്നത്. ജില്ലയിലെ 58 സിഡിഎസുകൾക്ക് കീഴിലുള്ള 920 എഡിഎസ് പരിധിയിൽപ്പെട്ട 10677 അയൽകൂട്ടങ്ങളിൽ 160707 അയൽക്കൂട്ട അംഗങ്ങൾ ഇതിന്റെ ഭാഗമാകും.

ഓരോ പ്രദേശത്തും കണ്ടെത്തുന്ന വിദ്യാലയങ്ങളിലേക്ക് അയൽക്കൂട്ടങ്ങൾ എത്തിച്ചേരും. പൂർണമായും ഒരു ദിവസം മുഴുവനും സ്‌കൂളിൽ ചിലവഴിക്കുന്ന തരത്തിലാണ് പരിശീലനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. രാവിലെ 9. 30 ന് ആരംഭിക്കുന്ന സ്‌കൂൾ അസംബ്ലിയ്ക്ക് ശേഷം അഞ്ച് വിഷയങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ക്ലാസുകൾ നടക്കും.ഇടവേളകളിൽ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള സമയവും ഉണ്ടാവും. സ്‌കൂൾ ബാഗും,ചോറ്റുപാത്രവും, വെള്ളവും ഒക്കെയായി സ്‌കൂളിലെത്തുന്ന വിദ്യാർത്ഥിനികൾക്ക് ജനകീയ കൂട്ടായ്മയിലൂടെ ഉച്ചക്കഞ്ഞി വിതരണം ചെയ്യുന്നതിനും തയ്യാറായിട്ടുള്ള എഡിഎസ് സംവിധാനങ്ങളുമുണ്ട്. ഓരോ പ്രദേശത്തും ഈ പരിപാടിയുടെ വിജയത്തിനായി സംഘാടകസമിതികളും ബാലസഭ കുട്ടികളുടെയും ഓക്‌സിലറി ഗ്രൂപ്പുകളുടെയും നേതൃത്വത്തിലുള്ള പ്രചരണ പരിപാടികളും നടക്കും.

ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 10 വരെയുള്ള ഒഴിവുദിവസങ്ങളിൽ ആണ് സ്‌കൂളുകൾ ചേരുന്നത്. തിരികെ സ്‌കൂൾ ജില്ലാ തല ഉദ്ഘാടനം ഒക്ടോബർ ഒന്നിന് അടൂർ ബോയ്‌സ് സ്‌കൂളിൽ നടക്കും. 25, 26 തീയതികളിലായി മുഴുവൻ ബ്ലോക്കുകളിലും തെരഞ്ഞെടുത്ത അധ്യാപകർക്കുള്ള പരിശീലനം നടത്തും. ജില്ലാ തലത്തിലുള്ള പരിശീലനം മലയാലപ്പുഴ പഞ്ചായത്ത് ഹാളിൽ ആരംഭിച്ചു. ജില്ലാമിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ശ്രീമതി ബിന്ദു രേഖ ഫ്‌ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ മിഷൻ സംസ്ഥാന പരിശീലകൻ രതീഷ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ജില്ലാ പ്രോഗ്രാം മാനേജർമാരായ പി.ആർ അനൂപ , അനിത കെ നായർ, ഷീബ, ഷിജു എം സാംസൺ എന്നിവർ സംസാരിച്ചു. ബ്ലോക്ക് തല ഉദ്യോഗസ്ഥർ, ട്രെയിനിങ് ടീം അംഗങ്ങൾ തുടങ്ങിയവർ പരിശീലനത്തിൽ പങ്കാളികളായി

Leave a Reply

Your email address will not be published. Required fields are marked *