ആലപ്പുഴ – തൃശൂരിൽ സി.പി.എം. സഹകരണ ബാങ്കിലെ അഴിമതി വീരന്മാരെ തുറന്നു കാട്ടിയ കേന്ദ്ര ഏജൻസിയായ ഇ.ഡി.യും. കലഹിച്ചു സി.പി.എം. പാർട്ടി വിട്ടവർക്ക് അഭയം നൽകിയ ആലപ്പുഴയിലെ സി.പി.ഐ.യും ഏതാണ്ട് ഇപ്പോൾ ഒരേ അവസ്ഥയിലാണ്. ഇ.ഡി.യെ പിണറായിയുടെ പോലീസ് വിരട്ടുന്നു; ആലപ്പുഴയിൽ സി.പി.ഐ.യെ പിണറായിയുടെ പാർട്ടി വിരട്ടുന്നു. എല്ലായിടത്തും വിഷയം അഴിമതി തന്നെ.
!!
കേരള പോലീസിന്റെ അന്വേഷണ വിരട്ടൽ ഒക്കെ അവഗണിച്ച് ഇ.ഡി. കരുവന്നൂരിൽ നിന്നും ചില ‘ മാന്യന്മാരെ ‘ അഴിമതിയുടെ ആഴങ്ങളിൽ നിന്ന് കൈപിടിച്ച് പുറത്തേക്ക് ആനയിക്കുമ്പോൾ, സിപിഎം തറവാട് വിട്ടിറങ്ങിയ പത്തുമുന്നൂറ് സി.പി.എം കാരെ സ്വന്തം പാളയത്തിലേക്ക് കൈ പിടിച്ച് കൊണ്ടു പോവുകയാണ് സി.പി.ഐ. പക്ഷേ, മുന്നണിയിലെ വല്യേട്ടനിൽ നിന്ന് കണക്കിന് കിട്ടിയിട്ടുണ്ട് ഇപ്പോൾത്തന്നെ സി.പി.ഐ.ക്ക് .
സി.പി.ഐ. ഈർക്കിൽ പാർട്ടിയാണെന്നും വേണ്ടി വന്നാൽ അവരുടെ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസിനെ വരെ തിരികെ കൊണ്ടു പോയി സി.പി.ഐ.യെ തീർത്തു കളയുമെന്നും ഒക്കെ വരെ പറഞ്ഞിരിക്കുകയാണ് വല്യേട്ടൻ !! ആഞ്ചലോസ് മുൻ സി.പി.എം. എം.പി. ആയിരുന്നുവല്ലോ.
എല്ലാം കേട്ട് ഒരക്ഷരം ഉരിയാടാതെ, നാടോടിക്കാറ്റിലെ വിജയനെ പോലെ ഇളിഭ്യച്ചിരിയുമായി നിൽക്കുകയാണ് സാക്ഷാൽ സി.പി.ഐ നേതൃത്വം .
പാർട്ടി വിട്ടവർ കോൺഗ്രസിലേക്കോ ബി.ജെ. പി.യിലേക്കോ ആണ് പോയിരുന്നതെങ്കിലോ ? എങ്കിൽ വല്യേട്ടന്റെ അനിഷ്ടത്തിൽ നിന്ന് സി.പി.ഐ.ക്ക് രക്ഷപ്പെടാമായിരുന്നു , ല്ലേ ? എന്ന് ആലപ്പുഴയിലെ പാർട്ടികളിൽ ഒന്നും പെടാത്ത ഒരു കമ്മ്യൂണിസ്റ്റ് !!


