ചങ്ങനാശേരി – സുഹൃത്തിനെ പിടികൂടിയതിന്റെ പേരിൽ പോലീസിന് നേരെ പെൺകുട്ടിയുടെ അക്രമം. ശനിയാഴ്ച ചങ്ങനാശ്ശേരി തൃക്കൊടിത്താനം കൈലാത്തുംപടിയിലാണ് സംഭവം. തൃക്കൊടിത്താനം ഗോശാല പറമ്പിൽ വിഷ്ണു (19) നെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് സംഭവം. നിരവധി കേസുകളിൽ പ്രതിയായ യുവാവിന്റെ വീട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ടതായി പോലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. വിഷ്ണുവിനെ ജീപ്പിൽ കയറ്റിയപ്പോൾ ഇയാളെ ഇറക്കി വിടണം എന്ന് ആവശ്യപ്പെട്ടാണ് പെൺകുട്ടി പോലീസിനെതിരെ ആക്രോശവും അസഭ്യവർഷവും നടത്തിയത് എന്ന് തൃക്കൊടിത്താനം എസ് എച്ച് ഓ അനൂപ് അറിയിച്ചു. എസ് എച്ച് ഓ ആവശ്യപ്പെട്ടതിനെ തുടർന്ന് സ്റ്റേഷനിൽ നിന്ന് എത്തിയ സി പി ഓ സെൽവരാജ് ജീപ്പിന് സമീപം നിന്നപ്പോൾ പെൺകുട്ടി മനപ്പൂർവ്വം ജീപ്പിന്റെ ഡോർ അടക്കുകയായിരുന്നു. ഡോറിനിടയിൽപ്പെട്ട് സെൽവരാജിന്റെ കൈവിരലുകൾക്ക് പരിക്കേറ്റു.
അറസ്റ്റ് ചെയ്ത വിഷ്ണുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബാറിൽ അക്രമം നടത്തിയതു ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.പോലീസിനെ ആക്രമിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോഴിക്കോടുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി പാർപ്പിച്ചു. പരിക്കേറ്റ സി പി ഓ സെൽവരാജ് ആശുപത്രിയിൽ ചികിത്സ തേടി.


