അടൂരിന്റെ കാലാവസ്ഥാ പ്രവചനം ഇനി വിദ്യാർഥികൾ നടത്തും

Food
Print Friendly, PDF & Email

പത്തനംതിട്ട – സമഗ്രശിക്ഷാ കേരളയുടെ (എസ്എസ്‌കെ) ആഭിമുഖ്യത്തിൽ അടൂർ ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തനസജ്ജമായ കാലാവസ്ഥാനിലയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നാടിന് സമർപ്പിച്ചു. ശാസ്ത്രീയ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ അടൂർ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ ഇനിമുതൽ പ്രദേശത്തെ കാലാവസ്ഥാ – ദിനാന്തരീക്ഷസ്ഥിതി മനസിലാക്കുകയും ഡേറ്റകൾ തയാറാക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കുകയും ചെയ്യും.

സമഗ്രശിക്ഷാ കേരളയുടെ ധനസഹായത്തോടെയാണ് കാലാവസ്ഥാ പ്രവചനനിലയം നിർമിച്ചത്. എസ്എസ്‌കെയുടെ ഏറ്റവും ശ്രദ്ധേയമായ ഈ പദ്ധതിയെ വിദ്യാർഥികൾ ആവേശത്തോടെയാണ് വരവേറ്റത്. ഭൂപ്രകൃതി വൈവിധ്യം ഏറെയുള്ള കേരളം പോലുള്ള സംസ്ഥാനത്തെ സൂക്ഷ്മമായ കാലാവസ്ഥാ വ്യതിയാനം ഇത്തരത്തിൽ വിവിധ വിദ്യാലയങ്ങളിൽ നിരീക്ഷിക്കപ്പെടുമ്പോൾ കാലാവസ്ഥാ പ്രവചന രംഗത്ത് ശ്രദ്ധേയമായ കുതിച്ചുചാട്ടമാണ് സാധ്യമാവുക. കേരളത്തിലെ ഓരോ നഗര/ ഗ്രാമപ്രദേശങ്ങളിലുമുള്ള വിദ്യാലയങ്ങളിൽ ഈ സംവിധാനം നിലവിൽ വരുന്നതോടുകൂടി പ്രാദേശികമായിത്തന്നെ കാലാവസ്ഥാ പ്രവചനം സാധ്യമാവും.
കൃഷിക്കും, നാടിന്റെ ഇതര വികസന പ്രവർത്തനങ്ങൾക്കും കാലാവസ്ഥയെക്കുറിച്ചുള്ള കൃത്യമായ ധാരണ അത്യന്താപേക്ഷിതമാണെന്നിരിക്കെ ഓരോ പ്രദേശത്തെയും ജനജീവിതത്തെ ഇവ ഗുണപരമായി സ്വാധീനിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രാധാന്യം. വിദ്യാലയങ്ങളെ കേവലം അറിവിന്റെ വിതരണ കേന്ദ്രങ്ങൾ എന്നതിനപ്പുറം ജ്ഞാനോത്പാദന കേന്ദ്രങ്ങളായി ഉയർത്തുകയും, അവിടെ ഉത്പാദിപ്പിക്കപ്പെടുന്ന അറിവ് സമൂഹത്തിന്റെ ഗുണത്തിനായി ഉപകരിക്കപ്പെടുകയും വേണം എന്ന സംസ്ഥാന സർക്കാരിന്റെ നവകേരള നിർമിതി ലക്ഷ്യമാക്കിയുള്ള നോളജ് ഇക്കോണമി എന്ന ആശയമാണ് ഇവിടെ സാധ്യമാക്കപ്പെടുന്നത്.
2018ലെയും 2019ലെയും പ്രളയക്കെടുതിയുടെ ഘട്ടത്തിലാണ് സംസ്ഥാന സർക്കാർ ഇത്തരം ഒരു ആശയം മുന്നോട്ടു വച്ചതും എസ്എസ്‌കെയുടെ പദ്ധതിയാക്കി മാറ്റിയതും. രാജ്യത്ത് ആദ്യമായി സ്‌കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണ നിലയങ്ങൾ സ്ഥാപിക്കപ്പെട്ട സംസ്ഥാനം എന്ന ബഹുമതിയും ഇതിലൂടെ കേരളം നേടുകയാണ്. വിദ്യാലയങ്ങളിലെ ഭൂമിശാസ്ത്ര അധ്യാപകരെയാണ് സ്റ്റേഷന്റെ ചുമതലക്കാരായി നിയോഗിച്ചിരിക്കുന്നത്. സൂക്ഷ്മ തലത്തിൽ കാലാവസ്ഥ മനസിലാക്കാനും ഒരു പ്രത്യേക പ്രദേശത്തെ മാറ്റങ്ങൾ തിരിച്ചറിയാനും വിദ്യാർഥികളെ പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ വിദ്യാഭ്യാസപരമായ ലക്ഷ്യം. ഭൂമിശാസ്ത്ര പഠനം കൂടുതൽ പ്രവർത്തനാധിഷ്ഠിതവും, ആകർഷകവും, ആഴമുള്ളതുമാക്കി മാറ്റാൻ ഇതിലൂടെ കഴിയുന്നു.

കാറ്റിന്റെ വേഗത, ദിശ, അന്തരീക്ഷ മർദം, മഴയളവ് തുടങ്ങിയവ സ്റ്റേഷനിൽ കുട്ടികൾ ഓരോ ദിവസവും നിരീക്ഷിച്ച് രേഖപ്പെടുത്തും. ഇതിനായി മഴമാപിനി, അനിമോമീറ്റർ, വിൻഡ് വെയ്ൻ, വെറ്റ് ആന്റ് ഡ്രൈ ബൾബ് തെർമോ മീറ്റർ, മോണിറ്റർ, വെതർ ഡാറ്റാബുക്ക് തുടങ്ങി 13 ഉപകരണങ്ങളാണ് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയിട്ടുള്ളത്. പൊതുസമൂഹത്തിന് കൂടി ഗുണപ്രദമാകുന്ന വെതർ സ്റ്റേഷനുകൾ പത്തനംതിട്ട ജില്ലയിലെ ആറു വിദ്യാലയങ്ങൾക്കാണ് ആദ്യഘട്ടത്തിൽ അനുവദിക്കപ്പെട്ടത്.
ജില്ലാതലത്തിൽ ആദ്യം പ്രവർത്തനസജ്ജമാവുന്നത് അടൂരാണ്. മറ്റു വിദ്യാലയങ്ങളിലും വൈകാതെ വെതർ സ്റ്റേഷനുകൾ പ്രവർത്തന സജ്ജമാകും. പ്രളയങ്ങളും പ്രകൃതിദുരന്തങ്ങളും മറ്റും കൂടിവരുമ്പോൾ ഇത്തരം സ്റ്റേഷനുകളുടെ പ്രാധാന്യമേറുകയാണ്. വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴിതെളിക്കുന്നതോടൊപ്പം, ജനോപകാരപ്രദമായ ഈ പദ്ധതി സാധ്യമാക്കാൻ മുന്നോട്ട് വന്ന സമഗ്രശിക്ഷാ കേരളയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അഭിനന്ദിച്ചു.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ്, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീനാദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ബി. ബാബു, ഗ്രാമപഞ്ചായത്തംഗം ശരത് ചന്ദ്രൻ, പ്രിൻസിപ്പൽ സജി വറുഗീസ്, ഹെഡ്മാസ്റ്റർ എ. മൻസൂർ, പിടിഎ പ്രസിഡന്റ് അഡ്വ. കെ.ബി. രാജശേഖരക്കുറുപ്പ്, അടൂർ ബിപിസി റ്റി.സൗദാമിനി, അടൂർ ബിആർസി ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ഡി. യമുന, വനം വകുപ്പ് റേഞ്ച് ഓഫീസർ എ.എസ്. അശോക്, എസ്എംസി ചെയർമാൻ കെ. ഹരിപ്രസാദ്, എംപിടിഎ പ്രസിഡന്റ് ജോബി രാജേഷ്, പിടിഎ വൈസ് പ്രസിഡന്റ് സുനിൽ മൂലയിൽ, എസ്എംസി വൈസ് ചെയർമാൻ ജി. സുരേഷ് കുമാർ, ഡോ.എം. രതീഷ് കുമാർ, ആർ. ഷീജാകുമാരി, പി.ആർ. ഗിരീഷ്, പി. ഉഷ, കണിമോൾ, ആർ. ദിലി കുമാർ, സ്റ്റാഫ് സെക്രട്ടറിമാരായ ജി. രവീന്ദ്രക്കുറുപ്പ്, കെ. ഉദയൻപിള്ള, സ്‌കൂൾ ചെയർമാൻ അഭയ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *