പുതുപ്പള്ളി കണ്ട് മുഖ്യമന്ത്രി കസേര സ്വപ്‌നം കാണുന്നവർ സ്റ്റാൻഡ് വിട്ടു പോകണം.. കോൺഗ്രസിനെ തരൂർ നയിക്കട്ടെ .

Kerala Pathanamthitta Politics Special
Print Friendly, PDF & Email

പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയം കണ്ട് ഒരു പക്ഷേ, ഏറ്റവും കണ്ണു തള്ളിയത് കോൺഗ്രസുകാരുടെയാകണം. തള്ളി പുറത്തു വന്ന കണ്ണുകൾ വലിച്ച് അകത്തിട്ട് പലരും മുഖ്യമന്ത്രി കസേര സ്വപ്‌നം കാണുന്നുണ്ടാകണം. അവരോടൊക്കെ കോൺഗ്രസിനെ സ്‌നേഹിക്കുന്നവർക്ക് ഒന്നേ പറയാനുള്ളൂ. സ്റ്റാൻഡ് വിട്ടു പോകണം. ഇനി തരൂർ നയിക്കട്ടെ…

സംസ്ഥാന രാഷ്ട്രീയത്തിന്റെ പുത്തൻ പ്രതീക്ഷയാണ് ശശി തരൂർ. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഈസി വാക്കോവർ കിട്ടിയേക്കും. പക്ഷേ, കളം മാറ്റിക്കളിക്കുന്ന സിപിഎം നിയമസഭാ തെരഞ്ഞെടുപ്പ് എത്തുമ്പോൾ തന്ത്രം മാറ്റും. അന്ന് പുതുപ്പള്ളി കണ്ട് പനിച്ചവരൊന്നും മതിയാകില്ല ഭരണം പിടിക്കാൻ.

അഴിമതിക്കും, കെടുകാര്യസ്ഥതക്കും, ധൂർത്തിനും, അഹങ്കാരത്തിനും ഒക്കെ മറുപടി കൊടുക്കാൻ ജനം തയ്യാറായി കഴിഞ്ഞു. പക്ഷെ അവർക്കു മുന്നിൽ നല്ലൊരു സ്വീകാര്യതയുള്ള നേതാവിനെ കൊടുക്കാൻ ഇതുവരെ പ്രതിപക്ഷ പാർട്ടികൾക്ക് പ്രത്യേകിച്ച് യുഡിഎഫിന് ആയിട്ടില്ല. അങ്ങനൊരു മുഖം കാണിക്കാതെ ഞങ്ങളെല്ലാം നേതാക്കന്മാർ തന്നെ എന്ന അഭിപ്രായവുമായി ആകും യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുക. പൊതു സ്വീകാര്യതയുള്ള സ്ഥാനാർത്ഥികളെ നിർത്തുന്നതിലൂടെ ബിജെപിക്കും കുറച്ചു വോട്ടുകളും ചില വിജയങ്ങളും ഉണ്ടായേക്കാം. എന്നാൽ പിണറായി കാലം കഴിയുന്നതോടെ എൽഡിഎഫ് പരീക്ഷണം എന്താണെന്ന് കണ്ടറിയണം. ന്യൂനപക്ഷ വോട്ടുകൾ സമാഹരിച്ചു വിജയിക്കുക എന്ന തന്ത്രമാകണം അവർ പയറ്റുക എന്ന് തോന്നുന്നു. ഫലത്തിൽ സംഭവിക്കുക എൽഡിഎഫിന്റെ തുടർഭരണം തന്നെയാകും.

ശശി തരൂർ ജനങ്ങൾക്കൊരു പ്രതീക്ഷയാണ്. അദ്ദേഹത്തിന്റെ വായനയിലൂടെയുള്ള അറിവിലും ലോക പരിചയത്തിലും അഭിമാനം കൊള്ളുന്നവരാണ് മലയാളികൾ. പ്രത്യേകിച്ച് പ്രവാസികളായ മലയാളികൾ. മലയാളികൾക്ക് അഭിമാനിക്കാൻ ഇതിൽപ്പരം ഒരു നല്ല മുഖ്യമന്ത്രി സ്ഥാനാർത്ഥി വേറെയില്ല എന്നുതന്നെ പറയാം. അദ്ദേഹത്തിന് കാര്യക്ഷമമായി പ്രവർത്തിക്കാനും കഴിയും. ഇതൊക്കെ മനസിലാക്കാൻ കേരളത്തിലെ വലിയ കിണറ്റിലെ നേതാക്കൾക്ക് മനസിലായില്ലങ്കിൽ വീണ്ടും ഒരു ദുരന്തം നേരിട്ടു കൊള്ളൂ..

Leave a Reply

Your email address will not be published. Required fields are marked *