ദീർഘദൂരത്തേക്കും ഇനി സ്വകാര്യ ബസുകൾ ഓടും ; കെ.എസ്.ആർ.ടി.സിയുടെ കുത്തക അവസാനിക്കുന്നത് കേന്ദ്രസർക്കാരിന്റ പുതിയ മോട്ടോർ നയത്തോടെ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കേന്ദ്രസർക്കാരിന്റെ പുതിയ മോട്ടോർനയം ഉപയോഗപ്പെടുത്തി നാഷണൽ പെർമിറ്റുമായി സ്വകാര്യ ബസുകൾ ദീർഘ ദൂര സർവീസുകളിലേക്ക് പ്രവേശിക്കുമ്പോൾ ഭീഷണി നമ്മുടെ കെ.എസ്.ആർ.ടി.സി ബസുകൾക്ക്.

സാമ്പത്തിക ഞെരുക്കത്തിൽ നട്ടം തിരിയുന്ന കെ.എസ്.ആർ.ടി.സിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാകാൻ പോകുന്നത്. കെ.എസ്.ആർ.ടി.സി കുത്തകയാക്കിയിരുന്ന അന്തർ സംസ്ഥാന റൂട്ടുകളിൽ സ്വകാര്യ ബസുകൾ പുതിയ സർവീസുകളുമായി രംഗത്തെത്തിയത്. സമീപകാലത്ത് കെ.എസ്.ആർ.ടി.സി പുതിയ ദീർഘദൂര സർവീസുകളുമായി പച്ച പിടിച്ചു നിൽക്കുന്ന മലയോര റൂട്ടുകളിലൂടെയാണ് അന്തർ സംസ്ഥാന സ്വകാര്യ ബസ് പെർമിറ്റുകളേറെയും വരുന്നത്. കേന്ദ്ര നയത്തിലെ പഴുതും സുപ്രീംകോടതി ഉത്തരവുകളുടെ പിൻബലവുമാണ് സ്വകാര്യ ബസുകൾ നാഷണൽ പെർമിറ്റിന്റെ പിൻബലത്തിൽ അന്തർ സംസ്ഥാന റൂട്ടുകളിലേക്കെത്തിയത്. പത്തനംതിട്ടയിൽ നിന്നു കോയമ്പത്തൂരിലേക്ക് പുതിയ സർവീസ് തുടങ്ങിക്കൊണ്ടാണ് സ്വകാര്യബസുകൾ അന്തർ സംസ്ഥാന റൂട്ടിൽ പരീക്ഷണം ആരംഭിച്ചത്.

എന്നാൽ ഇതിനെതിരേ കെ.എസ്.ആർ.ടി.സി രംഗത്തെത്തിയതോടെ മോട്ടോർ വാഹനവകുപ്പ് ഇടപെട്ട് താത്കാലിക വിലക്ക് കൊണ്ടു വന്നിരുന്നു. ഇത് മറികടന്ന് സർവീസ് പുനരാരംഭിക്കാനും കൂടുതൽ റൂട്ടുകളിൽ ബസ് നിരത്തിലിറക്കാനും സ്വകാര്യബസുടമകളുടെ ആലോചന. ഇതിനായുള്ള അപേക്ഷയുമായി അവർ മോട്ടോർ വാഹനവകുപ്പിനെ സമീപിച്ചിട്ടുണ്ട്. പെർമിറ്റ് ലഭിച്ചു കഴിഞ്ഞാൽ വിവിധ സംസ്ഥാനങ്ങളുടെ നികുതിക്കുരുക്കിൽപെടാതെ രാജ്യത്തെവിടെയും സർവീസ് നടത്താൻ സ്വകാര്യ ബസുകൾക്കാകും.

പുനർനിർമാണം പൂർത്തിയായ പി.എം റോഡിലൂടെ മലബാർ മേഖലയിലേക്ക് കെ.എസ്.ആർ.ടി.സി ആരംഭിച്ച പല ദീർഘദൂര ബസുകളും ലാഭത്തിൽ ഓടിക്കൊണ്ടിരിക്കുമ്പോഴാണ് സ്വകാര്യ ദീർഘദൂര ബസുകൾ ഇതേ റൂട്ടുകളിൽ ബദൽ സർവീസിനൊരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *