കിഴക്ക് കനത്ത മഴ: മൂഴിയാർ ഡാം രാത്രി തുറന്നു വിട്ടേക്കും :

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: ജില്ലയുടെ കിഴക്കൻമലയോര മേഖലയിൽ കനത്ത മഴ. ഏതാനും മണിക്കൂറുകൾ പെയ്ത മഴയിൽ മൂഴിയാർ ഡാമിൽ ജലനിരപ്പുയർന്നു. ഇതോടെ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. വൈകിട്ട് ആറിന് ജലനിരപ്പ് 190 മീറ്ററിന് മുകളിലെത്തിയതിനെ തുടർന്നാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മേഘസ്‌ഫോടനം സംശയിക്കുന്നു.

192.63 മീറ്ററിൽ ജലനിരപ്പ് എത്തിയാൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി അധികജലം കക്കാട്ടാറ്റിലേക്ക് ഒഴുക്കി വിടും. ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ ജലനിരപ്പ് ഉയരും. കക്കാട്ടാറിന്റെയും മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെയുള്ള ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു.

കനത്ത മഴ തുടരുന്നതോടെ പമ്പയിലും ജലനിരപ്പ് ഉയരുകയാണ്. നാളെ നടക്കുന്ന ഉതൃട്ടാതി ജലമേളയ്ക്ക് മഴ അനുഗ്രഹമായി. ആറു വർഷത്തിന് ശേഷം ഉതൃട്ടാതി ജലമേളയിൽ മത്സര വള്ളംകളി നടക്കുകയാണ്. എന്നാൽ, പമ്പയിൽ അസാധാരണമായ നിലയിൽ ജലനിരപ്പ് താഴ്ന്നതും മൺപുറ്റ് പൊന്തി വന്നതും വള്ളംകളിക്ക് തടസമാകുമെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ ദിവസം തിരുവോണത്തോണി കാട്ടൂരിലേക്ക് പോകുന്നതിന് താഴ്ന്ന ജലനിരപ്പ് തടസമായിരുന്നു. കെട്ടിവലിച്ചാണ് തോണി കൊണ്ടു പോയത്. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യയ്ക്ക് എത്തുന്ന പള്ളിയോടങ്ങളും ഏറെ ബുദ്ധിമുട്ടി. അതിനാൽ പള്ളിയോടങ്ങൾ ക്ഷേത്രക്കടവിൽ തന്നെ കെട്ടിയിടുകയാണ് ചെയ്തത്. ഇതിന്റെ അമരത്ത് നിന്ന് കുമിളകൾ മോഷണം പോയതും തലവേദനയായി.

Leave a Reply

Your email address will not be published. Required fields are marked *