പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ അഴിമതിയും ക്രമക്കേടും സംബന്ധിച്ച അന്വേഷണവും തുടർ നടപടിയും സഹകരണ വകുപ്പ് കടുപ്പിക്കുന്നു. വിവിധ തരത്തിലായി നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ബാങ്കിൽ നടന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. മുഴുവൻ അന്വേഷണവും പൂർത്തിയാകുമ്പോൾ തട്ടിപ്പിന്റെ വ്യാപ്തി നൂറു കോടി കവിയുമെന്നാണ് സൂചന.
86.12 കോടിയുടെ വായ്പാ തട്ടിപ്പിൽ ബാങ്കിനുണ്ടായ നഷ്ടത്തിന് ഉത്തരവാദികൾ ആരെല്ലാമാണെന്നും അവരുടെ ബാധ്യത എത്രയാണെന്നും കണ്ടെത്തുന്നതിനുമുള്ള സർചാർജ് അന്വേഷണം നടത്താൻ ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടു. വകുപ്പ് 68(1) പ്രകാരമുള്ള അന്വേഷണം നടത്തുന്നതിന് കോന്നി അസിസ്റ്റന്റ് രജിസ്ട്രാറെ ചുമതലപ്പെടുത്തി. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. മുൻ സെക്രട്ടറി, ബാങ്ക് പ്രസിഡന്റ്, ഭരണ സമിതി അംഗങ്ങൾ എന്നിവരിൽ നിന്നെല്ലാമായി തുക കൃത്യമായി ഈടാക്കും. എന്നാൽ, പണം തങ്ങളുടെ കൈയിൽ നിന്ന് ഈടാക്കാനുള്ള നീക്കത്തിന് തടയിടാൻ ഇവർ തന്ത്രങ്ങൾ മെനയുന്നുവെന്നാണ് സൂചന. ഇതിന്റെ ഭാഗമായി മുൻ സെക്രട്ടറി ഭാര്യയുടെ പേരിലുള്ള കോടികൾ വിലമതിക്കുന്ന സ്ഥലവും വീടും മകളുടെ പേരിൽ വിലയാധാരം നൽകിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസ് വന്നതിന് ശേഷമുള്ള കൈമാറ്റമായതു കൊണ്ടു തന്നെ ഇത തിരികെ പിടിക്കാൻ കഴിയുമെന്നാണ് പറയുന്നത്. മാത്രവുമല്ല, വിലയാധാര പ്രകാരം വസ്തു വിറ്റപ്പോൾ കിട്ടിയ പണം എവിടെ നിക്ഷേപിച്ചുവെന്നതും അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്തേണ്ടി വരും.
അതിനിടെ, ഭരണസമിതി പിരിച്ചുവിട്ടതിന് ശേഷമുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ പരിശോധന ബാങ്കിൽ ആരംഭിച്ചിട്ടുണ്ട്. പല ഇടപാടുകളിലും വ്യാപക ക്രമക്കേടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ബാങ്കിന്റെ നിയമാവലിക്ക് വിരുദ്ധമായി 89 ബിനാമി വായ്പകൾ നൽകിയിട്ടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ. ബാങ്കുമായി ബന്ധപ്പെട്ട റെക്കോഡുകൾ പരിശോധിച്ചതിൽ പ്രതിദിന വരവ് ചെലവ് കണക്കുകൾ സൂക്ഷിക്കുന്ന ഡേ ബുക്ക് ഒരു വർഷത്തിലധികമായി ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. പ്രതിദിന ലോൺ, ഡെപ്പോസിറ്റ് എന്നിവ തരം തിരിച്ച് സൂക്ഷിക്കുന്ന ബുക്കാണിത്. പരിശോധന പൂർത്തിയായാൽ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി അറിയാനാകൂവെന്ന് ജോയിന്റ് രജിസ്ട്രാർ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ പരിശോധന പൂർത്തിയാക്കി ജോയിന്റ് രജിസ്ട്രാർക്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും. ഇതിന് ശേഷമാകും കിട്ടാനുള്ള കുടിശിക തിരിച്ചു പിടിക്കുന്ന നടപടികൾ ആരംഭിക്കുക.
സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സാധാരണക്കാർക്ക് ടോക്കൺ വെച്ച് 2000 രൂപ വീതം നൽകുമ്പോഴും കുറച്ചാളുകൾക്ക് മാത്രം വലിയ തുക നൽകിയതായും കണ്ടെത്തി. അതിനിടെ, പത്തനംതിട്ട പോലീസ് എടുത്ത കേസ് െ്രെകബ്രാഞ്ചിന് കൈമാറുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഇതുവരെ മാറ്റമുണ്ടായിട്ടില്ല. എഫ്.െഎ. ആർ. രജിസ്റ്റർ ചെയ്തതല്ലാതെ കാര്യമായി അന്വേഷണം ഇതുവരെ തുടങ്ങിയിട്ടില്ല. ജോയിന്റ് രജിസ്ട്രാർ നൽകിയ പരാതിയിൽ മുൻ സെക്രട്ടറി ജോഷ്വാമാത്യു, ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ എന്നിവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി പത്തനംതിട്ട പോലീസാണ് കേസെടുത്തിരിക്കുന്നത്. ബാങ്കിന്റെ നിയമാവലിക്ക് വിരുദ്ധമായും സഹകരണവകുപ്പിന്റെ അനുമതിയില്ലാതെയും ബാങ്കിന്റെ പ്രവർത്തനപരിധിക്ക് പുറത്തുള്ളവർക്ക് നിയമ വിരുദ്ധമായി വായ്പ നൽകി എന്ന കുറ്റത്തിനാണ് കേസ്.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുവെങ്കിലും അന്വേഷണം മരവിപ്പിക്കുന്നതിന് പിന്നിൽ സി.പി.എം ഇടപെടലാണെന്ന സൂചന പോലീസ് തന്നെ നൽകുന്നു. എഫ്.ഐ.ആർ ഇട്ടതിന് പിന്നാലെ കടുത്ത ഇടപെടലാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ ക്രൈംബ്രാഞ്ചിന്റെ എക്കണോമിക്സ് ഒഫൻസ് വിങ് അന്വേഷിക്കുന്ന കേസിലും ഇത്തരം ഇടപെടലിന് ശ്രമം നടന്നു. എന്നാൽ, അന്വേഷണ സംഘം നേരിട്ട് ഹൈക്കോടതിയിൽ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതോടെ അട്ടിമറി ശ്രമം പൊളിഞ്ഞു. മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടെങ്കിലും ഇയാൾ പറഞ്ഞ സമയത്ത് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിട്ടില്ല.
ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ കേരളാ കോൺഗ്രസുകാരനായിരുന്നു. ഇദ്ദേഹം സി.പി.എമ്മിൽ ചേർന്ന ഏരിയാ കമ്മറ്റി അംഗമായതിന് പിന്നാലെയാണ് മൈലപ്ര ബാങ്ക് തട്ടിപ്പ് പുറത്തു വന്നത്.
ഇതോടെ ഇദ്ദേഹത്തെ സംരക്ഷിക്കേണ്ട ചുമതല സി.പി.എമ്മിനായി. മൈലപ്രയിലെ പ്രാദേശിക സി.പി.എം നേതൃത്വം ജെറിക്കെതിരേ സമരം തുടങ്ങി. ഒടുവിൽ രണ്ടംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചാണ് പ്രാദേശിക തലത്തിലുള്ള അസംതൃപ്തി താൽക്കാലികമായി ശമിപ്പിച്ചത്. ജെറി ഏരിയാ കമ്മറ്റി അംഗമായതോടെ ഒരു ബാങ്ക് തട്ടിപ്പ് കൂടി സി.പി.എമ്മിന്റെ തലയിൽ വന്നു ചേരുകയായിരുന്നു. മുൻ സെക്രട്ടറി ജോഷ്വാ മാത്യു കോൺഗ്രസുകാരനാണ്. എന്നാൽ, അദ്ദേഹത്തെ സംരക്ഷിക്കേണ്ട ബാധ്യതയും സി.പി.എമ്മിനായി. ജോഷ്വാ വാ തുറന്നാൽ പാർട്ടിക്കും വലിയ കുഴപ്പം നേരിടേണ്ടി വരുമെന്ന് കണ്ടാണ് ഇയാൾക്ക് വേണ്ടിയും നിലപാട് എടുക്കേണ്ടി വന്നത്.
ജില്ലയിൽ സി.പി.എം ഭരിക്കുന്ന മിക്ക സഹകരണ സംഘങ്ങളും അഴിമതിയും ക്രമക്കേടും കാരണം തകർച്ചയിലാണ്.


