പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കം ; പാർട്ടിക്കാരുടെ അടി കിട്ടാതെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്ന് എസ്‌ഐയെ മാറ്റി

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സിപിഎം ഏരിയാ സെക്രട്ടറിക്ക് നേരെ എസ്‌ഐയുടെ ചീത്ത വിളി. സെക്രട്ടറിയും അതേ നാണയത്തിൽ തിരിച്ചടിച്ചതോടെ സംഘർഷാവസ്ഥ. മുതിർന്ന ഉദ്യോഗസ്ഥർ ഇടപെട്ടു എസ്‌ഐയെ സ്ഥലത്ത് നിന്ന് മാറ്റി. ഇയാൾക്കെതിരേ നടപടിയുണ്ടായേക്കുമെന്ന് സൂചന.

തിങ്കളാഴ്ച വൈകിട്ട് റോയൽ ഓഡിറ്റോറിയത്തിന് മുന്നിലാണ് സംഭവം. ജനാധിപത്യ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച സ്വതന്ത്ര്യദിന മഹിളാ സംഗമം നടക്കുന്നതിനിടെയാണ് പുറത്ത് ഏറ്റുമുട്ടലുണ്ടായത്. സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ ആർ. ബിന്ദു, വീണാ ജോർജ് എന്നിവരാണ് പരിപാടിയിൽ മുഖ്യാതിഥികളായി ഉണ്ടായിരുന്നത്. ഇതിൽ ഷംസീറും വീണയും പരിപാടി നടക്കുന്ന ഹാളിൽ ഉണ്ടായിരുന്നു. മന്ത്രി ആർ. ബിന്ദു എത്തുമെന്ന പ്രതീക്ഷയിൽ ഓഡിറ്റോറിയത്തിന് പുറത്ത് പാർക്കിംഗ് സൗകര്യം പൊലീസ് തയ്യാറാക്കി ഇട്ടിരുന്നു.

ഇടുക്കിയിൽ നിന്നുളള സമ്മേളന പ്രതിനിധികൾ വന്ന ഇന്നോവ കാർ ഇവിടേക്ക് കൊണ്ടു വന്ന് പാർക്ക് ചെയ്തപ്പോൾ എസ്‌ഐ സജു ഏബ്രഹാം തടഞ്ഞു. അവിടെ നിന്ന് എടുത്തു മാറ്റണമെന്ന് പറഞ്ഞ് ഡ്രൈവറോട് ആക്രോശിച്ചു. ഇതു കേട്ടു കൊണ്ട് നിന്ന സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി എംവി സഞ്ജു, കാർ അവിടെ തന്നെ കിടക്കട്ടെ മന്ത്രിക്കുള്ള പാർക്കിംഗ് ഞങ്ങൾ നോക്കിക്കോളാമെന്ന് എസ്‌ഐയോട് പറഞ്ഞു. ഇതോടെ എസ്‌ഐ ചീത്ത വിളിച്ചു കൊണ്ട് ഏരിയാ സെക്രട്ടറിക്ക് നേരെ ചെല്ലുകയായിരുന്നു. സഞ്ജുവും അതേ രീതിയിൽ തിരിച്ചടിച്ചു. ഇതിനിടെ കോന്നിയിൽ നിന്ന് വന്ന പ്രവർത്തകർ എസ്‌ഐക്ക് നേരെ തിരിഞ്ഞു. ജൂൺ 15 ന് കോന്നി അരുവാപ്പുലത്ത് വച്ച് സിപിഎം ലോക്കൽ സെക്രട്ടറി ദീദു ബാലനുമായി എസ്‌ഐ സജു ഏബ്രഹാം കോർത്തിരുന്നു. ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിന്റെ ദൃശ്യങ്ങൾ അന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇതിന്റെ ചൊരുക്ക് വച്ചാണ് അവിടെ നിന്നുള്ള പ്രവർത്തകർ എസ്‌ഐക്ക് നേരെ തിരിഞ്ഞത്.

അവസാനം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് സജു ഏബ്രഹാമിനെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. ഇയാൾക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന. സംഭവം സംബന്ധിച്ച് ഇന്റലിജൻസും രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് നൽകിയതായി അറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *