എടത്വ: ശനിയാഴ്ച രാവിലെ 4.30 ന് എടത്വായില്‍ നിന്നും മൂന്നാറിലേക്ക് പുറപ്പെട്ട ഉല്ലാസ യാത്ര ബസ്സിലെ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക് ആണ്. വീതികുറഞ്ഞ റോഡിലൂടെ ബസ് മൂന്നാറിലേക്ക് വളവ് തിരിഞ്ഞ് കയറുമ്പോൾ എതിർ ദിശയിൽ നിന്നും വന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടയിൽ പിൻഭാഗത്ത് ഇടത് വശത്തുള്ള കേബിൾ എടുത്ത കുഴിയിൽ താഴുകയായിരുന്നു. കൊക്കയിലേക്ക് മറിയുവാൻ സാധ്യതയുണ്ടായിരുന്ന ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിഞ്ഞ് മാറി. ബസിലെ യാത്രക്കാര്‍ നിലവിളിച്ചതോടെ തൊട്ടടുത്തുള്ള തേയില തോട്ടത്തിലെ ഫാക്ടറിയില്‍ നിന്ന് ജീവനക്കാർ എത്തി.
ബസ് കണ്ടക്ടർ മൂന്നാർ ഡിപ്പോയിലേക്ക് ഫോണിൽ ബന്ധപ്പെട്ടു.ഗതാഗത കുരുക്ക് രൂക്ഷമായതോടെയും അവിടെ നിന്നും അടിയന്തിര നടപടി വൈകുന്നത് മൂലവും ബസ് ഉയർത്തുന്നതിന് ഒടുവിൽ ജനങ്ങൾ തീരുമാനിക്കുകയായിരുന്നു.എസ്റ്റേറ്റ് ഫാക്ടറി ഉദ്യോഗസ്ഥരുമായി പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വി.ഇടിക്കുള സംസാരിക്കുകയും ഫാക്ടറിയിൽ നിന്നും എത്തിച്ച ട്രാക്റ്റർ, ഇരിമ്പ് ചങ്ങലകൾ എന്നിവ ഉപയോഗിച്ച് ഒരു മണിക്കൂർ നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷം ബസിന് യാതൊരു വിധ കേട് പാടുകളും കൂടാതെ വലിച്ച് കയറ്റി. തുടർന്ന് അതേ ബസിൽ ഉല്ലാസ യാത്ര തുടരുകയായിരുന്നു.

കഴിഞ്ഞ ദിവസം തിരുവല്ലയിൽ നിന്നും മൂന്നാറിലേക്ക് ഉള്ള ഉല്ലാസയാത്ര ബസ് ബ്രേക്ക് ഡൗൺ ആയതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടി.സ്ത്രീകൾ ഉൾപ്പെടെയുളള ബസ് ജീവനക്കാർ അനുഭവിക്കുന്ന ക്ലേശകരമായ അവസ്ഥ വലുതാണ്.
കെഎസ്ആർടിസി യുടെ വിവിധ ഡിപ്പോകളിൽ നിന്നുള്ള പ്രത്യേക സേവനങ്ങളിലൂടെ ജനപ്രിയ സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിന് സുഖകരവും ബജറ്റിന് അനുയോജ്യമായതുമായ പാക്കേജ് ടൂറുകൾ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ.
പ്രത്യേകം രൂപകല്പന ചെയ്ത ബസുകളുടെ ചിത്രങ്ങൾ വെച്ച് പരസ്യപ്പെടുത്തി ഹിൽ സ്റ്റേഷനുകൾ, കായലുകൾ, തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവിടങ്ങൾ സന്ദർശിക്കുന്നതിന് താങ്ങാനാവുന്ന ബജറ്റിൽ ഉള്ള പദ്ധതി ആയിരുന്നു. എന്നാൽ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതോടെ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഗണിക്കാതെയാണ് നിലവിലെ “ഉല്ലാസയാത്ര”.
അവധിക്കാലമായതോടെ “ഉല്ലാസയാത്ര ” തിരക്ക് വർദ്ധിച്ചതിനാൽ ഉല്ലാസയാത്രകൾ ദുരിത യാത്രയായി മാറുകയാണ്. “ഉല്ലാസയാത്ര “എന്ന് ബോർഡ് വെച്ചു കൊണ്ട് പഴകിയ ബസുകൾ ഓടിച്ചാൽ ആനന്ദ യാത്രകൾ ആകില്ല.യാത്രക്കിടയിൽ ബസുകൾ കേടായി സഞ്ചാരികള്‍ അർദ്ധ രാത്രിയിൽ പെരുവഴിയിലാകുന്നത് തുടർ സംഭവങ്ങളാകുന്നതായി യാത്രക്കാർ പറഞ്ഞു.

ബസ് അപകടത്തിൽപെടുന്നതിന് മുമ്പ് എടുത്ത ഗ്രൂപ്പ് ഫോട്ടോ..
മെയ് 9ന് രാവിലെ 4:30ന് പുറപ്പെട്ട ഉല്ലാസ യാത്ര ബസിൽ തലവടി സ്വദേശികളായ 6 പേര് ഉണ്ടായിരുന്നു. ഗുജറാത്തിൽ നിന്നും അവധിക്ക് നാട്ടില്‍ എത്തിയ തലവടി വാലയിൽ ഷാജി മാത്യു കുടുംബത്തോടൊപ്പം ഈ ബസിൽ ഉണ്ടായിരുന്നു. ലോക്കോ പൈലറ്റ് ആയ ഷാജി മാത്യു ടോർച്ച് ഉപയോഗിച്ച് രാത്രിയിൽ വെളിച്ചം നല്‍കിയത് രക്ഷാ പ്രവർത്തനത്തിന് ഏറെ സഹായകരമായി.


