എടത്വ പള്ളിയിലും വെടിക്കെട്ട് ഉപേക്ഷിച്ചു ; ഇതിനായി മാറ്റി വച്ച തുക ജീവകാരുണ്യ പ്രവർത്തനത്തിന്

Alappuzha
Print Friendly, PDF & Email

എടത്വ: എടത്വ സെന്റ് ജോർജ് ഫൊറോനപള്ളിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ഇന്ന് ദേവാലയ കവാടത്തിൽ പ്രതിഷ്ഠിക്കും. രാവിലെ 5.45 ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തിൽ പ്രതിഷ്ഠിക്കുന്നത്. ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് എമിരിത്തൂസ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിക്കും. ചടങ്ങിൽ ആയിരങ്ങൾ പങ്കെടുക്കും. വിശുദ്ധ ഗീവർഗീസ് സഹദായെ അടുത്ത് കാണുന്നതിനും ദിവ്യസ്വരൂപത്തോട് ചേർന്നു നിന്നു പ്രാർത്ഥിക്കുന്നതിനും വിശ്വാസികൾക്ക് ഇതോടെ അവസരം ലഭിക്കും.

തൃശൂർ വെടിമരുന്ന് അപകടത്തിൽ 14 പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ എടത്വ പെരുന്നാൾ വെടിക്കെട്ട് ഉപേക്ഷിച്ചു. യോഗശാലയൽ കൂടിയ പ്രതിപുരുഷയോഗത്തിൽ വെടിക്കെട്ട് ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. വെടിക്കെട്ടിനായി മാറ്റി വച്ച തുക ജീവകാരുണ്യ പ്രവർത്തനത്തിനായി ചെലവഴിക്കുമെന്ന് വികാരി ജോസഫ് കളരിക്കൽ അറിയിച്ചു. പെരുന്നാളിനോട് അനുബന്ധിച്ച് എല്ലാ വർഷവും നടത്തിവരാറുള്ള വെടികെട്ട് രണ്ടു ദിവസങ്ങളിലായി ഒരു മണിക്കൂറോളമാണ് നടക്കുന്നത്. പെരുന്നാളിന് എത്തുന്ന തീർത്ഥാടകരുടെ കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന ഈ മനോഹര വിസ്മയം കാണാനായി പതിനായിര കണക്കിന് തീർത്ഥാടകരാണ് വന്ന് കൊണ്ടിരുന്നത്.

എടത്വായിലേക്ക് തീർത്ഥാടക പ്രവാഹം ഇന്നുമുതൽ ആരംഭിക്കും. തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്കുചെയ്യാൻ വിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തമിഴ് തീർത്ഥാടകരുടെ തിരക്ക് ആരംഭിച്ചിട്ടുണ്ട്. പള്ളിയും പരിസരപ്രദേശങ്ങളും തീർത്ഥാടകരെകൊണ്ട് നിറഞ്ഞു തുടങ്ങി. ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽനിന്നും ഭക്തജനങ്ങൾ എത്തിചേരുന്നുണ്ട്. തിരുസ്വരൂപത്തിന് മുമ്പിൽ നേർച്ച-കാഴ്ച അർപ്പിച്ചും മെഴുകുതിരി തെളിച്ചും പള്ളിയിൽനിന്ന് ലഭിക്കുന്ന നേർച്ച അരിയും അരിയുണ്ടയും കഴിനൂലും വാങ്ങി തൊഴുതാണ് തീർത്ഥാടകർ മടങ്ങുന്നത്.

വാണിജ്യ മേളപ്പന്തലിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കച്ചവടക്കാരുടെയും തീർത്ഥാടകരുടെയും സൗകര്യാർത്ഥം 35000 ചതുരശ്രയടി വിസ്തൃതിയുള്ള പന്തലാണ് പള്ളിമൈതാനത്ത് ഒരുക്കിയിരിക്കുന്നത്. വൈകുന്നേരങ്ങളിൽ പള്ളിയിലെ ദീപാലങ്കാരം ദർശിക്കാൻ ദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ എത്തുന്നുണ്ട്. പ്രധാന തിരുനാൾ മെയ് ഏഴിനാണ്. ഏഴിന് വൈകുന്നേരം 4 ന് നടക്കുന്ന തിരുനാൾ പ്രദക്ഷിണം കഴിയുന്നതോടെ തമിഴ്നാട്ടിൽനിന്നുള്ള വിശ്വാസികൾ വിശുദ്ധന്റെ തിരുസ്വരൂപം ഇടവകക്കാർക്ക് കൈമാറും. തുടർന്ന് മെയ് 14 എട്ടാമിടം വരെ ഇടവകക്കാരാണ് തിരുനാൾ ആഘോഷിക്കുന്നത്. എട്ടാമിടദിനത്തിൽ രാത്രി 9.30 ന് തിരുസ്വരൂപം ദേവാലയ കവാടത്തിൽ പ്രതിഷ്ഠിക്കുന്നതോടെ തിരുനാൾ സമാപിക്കും.

✒️🟢ഡോ. ജോൺസൺ വാലയിൽ ഇടിക്കുള

ചിത്രം: ഫ്രാൻസ് സ്റ്റുഡിയോ എടത്വ

 

Leave a Reply

Your email address will not be published. Required fields are marked *