പരുമല പള്ളിപ്പെരുന്നാൾ: തിരുവല്ല കെഎസ്ആർടിസി ഡിപ്പോയിൽ ഹെൽപ്പ് ഡെസ്‌ക്ക്

Kerala Alappuzha Pathanamthitta
Print Friendly, PDF & Email

തിരുവല്ല – ഒക്ടോബർ 26 മുതൽ നവംബർ മൂന്നു വരെ നടക്കുന്ന പരുമലപള്ളി പെരുന്നാളിനോട് അനുബന്ധിച്ച് കെഎസ്ആർടിസി തിരുവല്ല ഡിപ്പോയിൽ 24 മണിക്കൂറും ഹെൽപ്പ് ഡെസ്‌ക്ക് പ്രവർത്തിക്കും. 9188933746 ആണ് നമ്പർ. തീർത്ഥാടകർക്കായി രാത്രിയിലടക്കം വിവിധ പ്രദേശങ്ങളിലേക്ക് ബസ് സർവീസ് ഉണ്ടാകും. പെരുന്നാളിന്റെ ഒരുക്കം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ പരുമലപള്ളി സെമിനാരി ഹാളിൽ വിലയിരുത്തി.

തീർഥാടകർക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ജാഗ്രത പുലർത്തണമെന്ന് മന്ത്രി നിർദേശിച്ചു. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും ഗതാഗതം സുഗമമാക്കാനും തിരുവല്ല, ചെങ്ങന്നൂർ ഡിവൈഎസ്പിമാരോട് മന്ത്രി ആവശ്യപ്പെട്ടു. 10 സെക്ടറായി തിരിച്ച് സുരക്ഷയ്ക്കായി വിശദമായ പദ്ധതി പൊലിസിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുണ്ട്. 24 മണിക്കൂറും പൊലിസ് സേവനം ഉണ്ടാകും. 25 കേന്ദ്രങ്ങളിൽ പൊലിസ് ട്രാഫിക് നിയന്ത്രിക്കും. വാഹനങ്ങൾക്കായി വിപുലമായ പാർക്കിങ് സൗകര്യം ഒരുക്കും. നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തും.

അനധികൃത കച്ചവടം ഒഴിപ്പിക്കും. യാചക നിരോധന മേഖലയായി പ്രഖ്യാപിക്കുന്നത് പരിഗണിക്കും. ഹോട്ടലിൽ ഭക്ഷണ വിളമ്പുന്നവർക്കും പാചകം ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധമാണെന്ന് മന്ത്രി പറഞ്ഞു. പദയാത്രയ്ക്കിടെ 24 മണിക്കൂറും ആംബുലൻസ് സർവീസുണ്ടാകും. മോട്ടോർ വാഹന വകുപ്പിന്റെ കീഴിൽ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പ്രവർത്തിക്കും. ആവശ്യമെങ്കിൽ സ്വകാര്യ ബസുകൾക്ക് താൽക്കാലിക പെർമിറ്റ് നൽകുന്നത് പരിശോധിക്കും.

ഹരിത ചട്ടം കൃത്യമായി പാലിക്കും. ശുദ്ധജലം പരമാവധി സ്റ്റീൽ ഗ്ലാസുകളിൽ നൽകും. ഹരിതകർമ സേനയുടെ സേവനം ഉപയോഗിക്കും. വഴിയോരങ്ങളിൽ തെരുവ് വിളക്കുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ‘ടെയ്ക്ക് എ ബ്രേക്ക്’ സംവിധാനം കാര്യക്ഷമമാക്കാൻ കടപ്ര, മാന്നാർ, പാണ്ടനാട് ഗ്രാമപഞ്ചായത്തുകൾക്ക് നിർദേശം നൽകി. ഫയർ ഫോഴ്സിന്റെ കീഴിൽ സ്‌കൂബ ടീമുണ്ടാകും. ആയുർവേദ, ഹോമിയോ സ്റ്റാളുകൾ പ്രവർത്തിക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌ക്വാഡ് ടീമുകൾ സജീവമായി രംഗത്തിറങ്ങും. മൊബൈൽ ലാബിന്റെ സേവനമുണ്ടാകും. തടസമില്ലാത്തെ വൈദ്യുതി കെഎസ്ഇബിയുടെ നേതൃത്വത്തിൽ ഉറപ്പാക്കും. മുടക്കമില്ലാത്തെ കുടിവെള്ള വിതരണം ചെയ്യും. താൽക്കാലിക ടാപ്പുകൾ സ്ഥാപിക്കും. കുടിവെള്ളത്തിന്റെ ശുദ്ധത പരിശോധിക്കാൻ സൗകര്യമുണ്ട്. എക്സൈസിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കും. സ്പെഷ്യൽ സ്‌ക്വാഡും പ്രവർത്തിക്കും. സിപിആർ പരിശീലനം ലഭിച്ചവരുടെ സേവനം ലഭ്യമാക്കണമെന്ന് ആരോഗ്യ വകുപ്പിന് മന്ത്രി നിർദേശം നൽകി.

മാത്യു ടി തോമസ് എംഎൽഎ, ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ, കടപ്ര, പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ നിഷ അശോകൻ, അമ്മാളുക്കുട്ടി സണ്ണി, ഡെപ്യൂട്ടി കലക്ടർ ആർ രാജലക്ഷ്മി, വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ. എൽദോസ് ഏലിയാസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *