സിപിഐ പാർട്ടിയോഫീസിൽ കർഷകന്റെ ആത്മഹത്യ ; ജില്ലാ നേതാക്കൾ ഉപജീവനമാർഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു

Kottayam
Print Friendly, PDF & Email

കോട്ടയം : വൈക്കം തലയാഴത്തെ സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫീസിനുള്ളിൽ കർഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജനകീയ കർഷകനും പ്രദേശവാസിയുമായ ചെല്ലപ്പൻ പുളിക്കശേരിയെയാണ് മരിച്ച നിലയിൽ കണ്ടത്. സി.പി.ഐ ജില്ലാ നേതാക്കൾ തന്റെ ഉപജീവനമാർഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് ചെല്ലപ്പൻ നേരത്തെ രംഗത്തെത്തിയിരുന്നു. പാർട്ടിയുടെ നയങ്ങൾക്കെതിരെയും പ്രാദേശിക നേതാക്കളുടെ വഴിവിട്ട പോക്കുകൾക്കെതിരെയും സാമൂഹിക മാധ്യമങ്ങളിലൂടെ ഇദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.

അധ്വാനിച്ച് വളർത്തിയ കൃഷിയും മറ്റ് ഉപജീവനമാർഗ്ഗങ്ങളും പാർട്ടിയിലെ ചില ഉന്നത നേതാക്കളുടെ ഇടപെടൽ മൂലം ഇല്ലാതായെന്ന് ചെല്ലപ്പൻ തന്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടും പരാതിപ്പെട്ടിരുന്നു. പാർട്ടിയെ വിശ്വസിച്ച് നടന്ന തനിക്ക് നീതി ലഭിച്ചില്ലെന്ന് മാത്രമല്ല, പാർട്ടിയുടെ സ്വാധീനം ഉപയോഗിച്ച് നേതാക്കൾ തന്നെ ദ്രോഹിച്ചതായും അദ്ദേഹം ആരോപിച്ചിരുന്നു. ഈ മാനസിക വിഷമമാണ് സി.പി.ഐ ഓഫീസിനുള്ളിൽ തന്നെ ജീവനൊടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സംഭവമറിഞ്ഞ് വലിയൊരു ജനക്കൂട്ടം പാർട്ടി ഓഫീസിന് മുന്നിൽ തടിച്ചുകൂടി. സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന ഒരു ജനകീയ കർഷകന് നേരിട്ട ദുരനുഭവത്തിൽ നാട്ടുകാർ പ്രകോപിതരാണ്. ആർ.ഡി.ഒ നേരിട്ടെത്താതെ മൃതദേഹം അഴിച്ചുമാറ്റാൻ സമ്മതിക്കില്ലെന്ന് ബന്ധുക്കളും നാട്ടുകാരും നിലപാടെടുത്തു. പോലീസും സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും ജനരോഷം കാരണം നടപടികൾ വൈകുകയാണ്. മരണത്തിന് ഉത്തരവാദികളായ നേതാക്കൾക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Leave a Reply

Your email address will not be published. Required fields are marked *