കുമ്പനാട് – ജനങ്ങളെ ആകർഷിക്കത്തക്ക നിലയിലേക്ക് ദീപാലങ്കരങ്ങൾ നടത്തി പാലങ്ങളെ മാറ്റുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ആറന്മുള നിയോജക മണ്ഡലത്തിലെ കരിയിലമുക്ക് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പാലങ്ങളെ സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി പൊതുമേഖല സഹകരണ സ്വകാര്യ സ്ഥാപനങ്ങളെ കോർത്തിണക്കി ഈ വർഷം 50 പാലങ്ങളിൽ ദീപാലങ്കര പ്രവർത്തനങ്ങൾ നടത്തും.
കായംകുളം, ബേപ്പൂർ മണ്ഡലങ്ങളിലെ രണ്ടു പാലങ്ങൾ ഇത്തരത്തിൽ ദീപാലങ്കരമാക്കിയിരുന്നത് വിജയകരമായിരുന്നു. വിദേശ രാജ്യങ്ങളിൽ പാലങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. അത്തരത്തിൽ കേരളത്തിലെയും പാലങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടത്തും. പൊതു ഡിസൈൻ പോളിസി തയാറാക്കി പാലങ്ങളുടെ താഴെഭാഗത്ത് ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലം പാർക്കുകളോ സ്‌കേറ്റിംഗ് പോലെയുള്ള ആവശ്യങ്ങൾക്കോ സൗകര്യ പ്രദമാക്കും. സംസ്ഥാനത്തെ ജനങ്ങളുടെ ആതിഥ്യ മര്യാദയും മതനിരപേക്ഷ മനസും മതസൗഹാർദ അന്തരീക്ഷവുമാണ് ടൂറിസ്റ്റുകളെ ഇവിടേക്ക് ആകർഷിക്കുന്നത്. ചെറിയ പാലത്തിന് പകരം വീതിയേറിയ പാലം സാധ്യമാക്കുന്നതിലൂടെ നാടിന്റെ ഗതാഗതം സൗകര്യപ്രദമാക്കുന്ന നിലയിലേക്ക് കരിയിലമുക്ക് പാലം മാറുമെന്നും മന്ത്രി പറഞ്ഞു.
ഈ സർക്കാർ അധികാരത്തിലെത്തിയശേഷം 489 കോടി 49 ലക്ഷം രൂപയുടെ പ്രവർത്തികളിലായി 35 പാലങ്ങൾ പൂർത്തികരിച്ചു. രണ്ട് വർഷം പൂർത്തിയാക്കുമ്പോൾ 1208 കോടി രൂപയുടെ 140 പാലം പ്രവർത്തനങ്ങൾ പൊതുമരാമത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. 85 പാലങ്ങളുടെ പ്രവർത്തികൾക്ക് 782 കോടി 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. സർക്കാരിന്റെ രണ്ട് വർഷ പ്രവർത്തനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളും ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ ചെയ്താണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.


