പന്തളം: പാറി പറക്കുന്ന ത്രിവർണ പതാക സാക്ഷി നിർത്തി, വളർന്നു വരുന്ന തലമുറ മയക്കു മരുന്നിന് ഇരയാവരുത് എന്ന സന്ദേശവുമായി സൈക്കിളിൽ ഛത്തീസ്ഗഡ് സ്വദേശിയുടെ ഭാരത പര്യടനം. ഛത്തീസ് ഗഡിലെ ദേവഗാവ് എന്ന ഗ്രാമത്തിൽ അമൃതലാലിന്റെ മകൻ ഹേംകുമാറാ (27)ണ് ഈ ദൗത്യവുമായി നാടു ചുറ്റുന്നത്.
ഇന്നലെ ഇദ്ദേഹം പന്തളത്ത് വന്നു. സൈക്കിളിൽ മുന്നിലും പിന്നിലും ത്രിവർണ പതാകയുണ്ട്. മഹേന്ദ്ര ഫൈനാൻസിൽ അക്കൗണ്ട് ഓഫിസറാണ് ഹേംകുമാർ. സാധാരണ കുടുംബത്തിൽപ്പെട്ട യുവാവിന്റെ രണ്ട് സുഹൃത്തുക്കൾ മയക്കു മരുന്നിന്റെ അമിത ഉപയോഗത്താൽ ജീവിതം വെടിഞ്ഞു. ഈ സംഭവം ഹേംകുമാറിനെ വല്ലാതെ തളർത്തി. ഇതിനെതിരേ തനിക്ക് സമൂഹത്തിന് എന്ത് ചെയ്യാൻ കഴിയുമെന്ന് ചിന്തിച്ചു. അങ്ങനെയാണ് ലഹരി വിരുദ്ധ സന്ദേശവാഹകനായി സ്വയം മാറിയത്. ദിവസം നൂറ് കിലോമീറ്റർ താണ്ടും. ഇതിനോടകം ഒഡിഷ, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ പിന്നിട്ടു. കേരളത്തിൽ എത്തിയിട്ട് നാല് നാൾ. ഇതിന്റെ ചെലവ് സ്വന്തം അധ്വാനത്തിൽ നിന്നും സ്വരൂപിച്ച പണം ഉപയോഗിച്ചാണ്. ഉറക്കവും വിശ്രമവും വഴിവക്കിലെ പെട്രോൾ പമ്പുകളിലാണ്.
ജനുവരിയിൽ യാത്ര അവസാനിപ്പിക്കും. നേരിട്ട് ഛത്തീസ് ഗഡ് മുഖ്യമന്ത്രിയെ കാണും. യാത്രാ വിവരണത്തോടൊപ്പം സംസ്ഥാനത്ത് സമ്പൂർണ മദ്യനിരോധനം ആവശ്യപ്പെടുമെന്നും ഹേംകുമാർ പറഞ്ഞു. മെഡിക്കൽ മിഷൻ ജങ്ഷനിൽ കൈരളി റസിഡൻസ് അസോസിയേഷൻ ഹേംകുമാറിന് ആദരവ് നൽകി. പ്രസിഡന്റ് മൻസൂർ അഹമ്മദ്, സെക്രട്ടറി കെ.ബിജു എന്നിവർ സംബന്ധിച്ചു.


