പത്തനംതിട്ട – ജലജന്യ രോഗങ്ങളെക്കുറിച്ചും പാനീയചികിത്സയുടെ പ്രസക്തിയെക്കുറിച്ചുമുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഓറൽ റീ ഹൈഡ്രേഷൻ തെറാപ്പി (പാനീയ ചികിത്സ) യുടെ ജില്ലാതല ഉദ്ഘാടനം കുന്നന്താനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ജില്ലാമെഡിക്കൽഓഫീസ്(ആരോഗ്യം),ആരോഗ്യ കേരളം പത്തനംതിട്ട, സാമൂഹികാരോഗ്യകേന്ദ്രം കുന്നന്താനം എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുചന്ദ്രമോഹൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മഴക്കാലത്ത് ജലജന്യരോഗങ്ങൾ കൂടാനുള്ള സാഹചര്യം മുൻനിർത്തിയാണ് എല്ലാ വർഷവും പാനീയ ചികിത്സാവാരാചരണം സംഘടിപ്പിക്കുന്നത്. കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. സി.എസ്. നന്ദിനി, ബ്ലോക്ക്പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനിജനാർദ്ദനൻ, കുന്നന്താനം ഗ്രാമ പഞ്ചായത്ത്അംഗം ധന്യ, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ടി.കെ. അശോക് കുമാർ, ടെക്നിക്കൽ അസിസ്റ്റന്റ് കെ.പി. ജയകുമാർ, കുന്നന്താനം സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മാത്യുവർഗീസ് മാരറ്റ് എന്നിവർ സംസാരിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.സി.എസ്.നന്ദിനി ജലജന്യ രോഗനിയന്ത്രണമാർഗങ്ങളും പാനീയ ചികിത്സയുംഎന്നവിഷയത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസെടുത്തു. ആരോഗ്യപ്രവർത്തകർ, ആശാ പ്രവർത്തകർ, അംഗനവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു
ശ്രദ്ധിച്ചാൽ ജലജന്യ രോഗങ്ങൾ തടയാം
**********************************
തിളപ്പിച്ചാറിയവെള്ളം മാത്രം കുടിക്കാനായി ഉപയോഗിക്കുക. തുറന്നു വച്ചതോ പഴകിയതോ ആയ ആഹാരം കഴിക്കരുത്. പാകംചെയ്ത ആഹാരം അടച്ചു സൂക്ഷിക്കുക. ആഹാരം കഴിക്കുന്നതിന് മുൻപ് കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. കൈനഖങ്ങൾ വെട്ടിവൃത്തിയായി സൂക്ഷിക്കുക. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ വൃത്തിയായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. മലമൂത്രവിസർജ്ജനത്തിനു ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക. വ്യക്തി ശുചിത്വം, ആഹാര ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കുക.


