കോഴഞ്ചേരി: കടൽ കടന്നെത്തി ആറന്മുള മഹിമ നേരിട്ടറിഞ്ഞ് ഒറേലിയും. ഒരു കാലത്ത് ആറന്മുളയുടെ ഭാഗമായിരുന്ന കലാകാരി ലുബ ഷീൽഡിന്റെ പിൻമുറക്കാരിയായി മലയാള മണ്ണിൽ എത്തിയ ഫ്രഞ്ച് വനിത ഒറേലി വിഭവ സമൃദ്ധമായ ആറന്മുള വള്ള സദ്യയുടെ സ്വാദ് നേരിട്ട് രുചിച്ചറിഞ്ഞു. പഞ്ചകർമ ചികിത്സയ്ക്കായായി രണ്ടാഴ്ച മുൻപാണ് ഒറേലി വള്ളംകുളത്തുള്ള എൻ.എസ്.എസ് ആയുർവേദ ആശുപത്രിയിലെത്തിയത്.
ഇതിനിടയിലാണ് ചികിത്സയ്ക്കു മേൽ നോട്ടം വഹിക്കുന്ന ഡോ. ബി. ഹരി കുമാറിൽ നിന്നും വള്ള സദ്യയെക്കുറിച്ച് വിശദമായി അറിഞ്ഞത്. ഇതോടെ നേരത്തെ കേരളത്തെ കുറിച്ചും യോഗയെക്കുറിച്ചും പഠിച്ച ഇവർ സ്വാദ് നേരിട്ടറിയാൻ ഡോക്ടർക്കും കുടുംബത്തിനുമൊപ്പം വള്ള സദ്യ ആരംഭ ദിവസം തന്നെ ആറന്മുളയിലേക്ക് എത്തി. ക്ഷേത്ര മുറ്റത്തും കടവിലും കറങ്ങി നടന്ന് വഞ്ചിപ്പാട്ടിന്റെ ശീലുകളിൽ മുങ്ങി ചിത്രങ്ങൾ പകർത്തിയ ശേഷമാണു ദേവസ്വം വക വടക്കേ ഊട്ടുപുരയിൽ തെക്കേമുറി പള്ളിയോടത്തിന്റെ സദ്യയ്ക്കായി കയറിയത്. ഇവിടെ ഇലയിൽ വിളമ്പിയിരിക്കുന്ന വിഭവങ്ങൾ കണ്ട് അത്ഭുതം കൂറിയ ഒറേലി ഭക്ഷണം കഴിക്കുന്നതിലെ പതിവ് ശൈലികൾ ഒക്കെ മാറ്റിവച്ചു.
ഇലയിൽ നിന്നും ഓരോന്നായി എടുത്ത് ആസ്വദിച്ചു കഴിച്ചു. സംശയങ്ങൾ അപ്പപ്പോൾ ഡോക്ടറുടെ കുടുംബത്തോട് ചോദിച്ചു മനസിലാക്കുകയും ചെയ്തു. ചോറും കറികളും ഒക്കെ കഴിക്കുന്നത് എളുപ്പമായിരുന്നെങ്കിലും 4 കൂട്ടം പായസം ഇലയിൽ നിന്നും കോരി കഴിക്കുക ഇത്തിരി കടുപ്പമായിരുന്നു. ഇലയിൽ വിളമ്പിയ 44 ന് പുറമെ കരക്കാർ പാടി
ചോദിച്ച 20 കൂടി ആയപ്പോൾ 64 കൂട്ടം വിഭവങ്ങൾ എത്തി. കഴിയുന്നതും എല്ലാം രുചിച്ച ഒറേലിക്കിത് അത്യപൂർവ അനുഭവം തന്നെ ആയിരുന്നു.
ഫ്രാൻസിലെ തീരമേഖലയായ ബ്രിട്ടനി പ്രവിശ്യയിൽ നിന്നുമാണ് നഴ്‌സായ ഒറേലി മലയാളത്തിന്റെ സ്വന്തം ചികിത്സയായ ആയുർവേദംതേടി എത്തിയത്. തായ്‌ലൻഡ്, മഡഗസ്‌കർ, ഗിനിയ തുടങ്ങിയ നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള സഞ്ചരിച്ചിട്ടുള്ള ഒറേലി ആദ്യമായാണ് ഇന്ത്യയിൽ എത്തുന്നത്.
കഴിഞ്ഞ 15 വർഷമായി യോഗ പരിശീലനവും ഇവർ നടത്തുന്നുണ്ട്. ആറന്മുളയുടെ മാഹാത്മ്യം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വിജ്ഞാന കലാവേദി പ്രവർത്തനം അവസാനിപ്പിച്ച് ഡയറക്ടർ ലുബാ ഷീൽഡ് ജന്മനാടായ ഫ്രാൻസിലേക്ക് മടങ്ങിയതോടെ വിദേശങ്ങളിൽ നിന്നും അധികം സഞ്ചാരികൾ ആറന്മുളയിലേക്ക് എത്തുന്നില്ല. ഇതിനിടയിലാണ് ഇപ്പോൾ ഒറേലി
ആറന്മുളയുടെ തനത് രുചി അറിയുന്നത്.


