ആലപ്പുഴ: ദേശീയപാതയിലെ ഉയരപ്പാത നിർമാണത്തിന്റെ മറവിൽ പാവപ്പെട്ടവന്റെ ഭൂമി കൈയ്യേറി നിർമാണക്കമ്പനിയുടെ ധിക്കാരം. ചമ്മനാട്ട് ഹോട്ടൽ തുടങ്ങാനായി വാടകയ്ക്കെടുത്ത 17 സെൻ്റ് സ്ഥലമാണ് കരാർ കമ്പനി അനധികൃതമായി കൈയ്യേറി മണലും നിർമാണാവശിഷ്ടങ്ങളും കൊണ്ട് മൂടിയത്. പുത്തൻകാവ് ചേറ്റുകാട്ടിൽ തെക്കേ നികർത്തിൽ എൻ.എ. സുരേഷ് ബാബുവിനാണ് ഈ ദുരനുഭവം.
മാസം 25,000 രൂപ വീതം വാടക നിശ്ചയിച്ച് 10 വർഷത്തേക്കാണ് സുരേഷ് ബാബു ഈ സ്ഥലം പാട്ടത്തിനെടുത്തത്. പാതയോരത്തെ നിർമാണ പ്രവർത്തനങ്ങൾ തടസ്സമായതിനാൽ ഹോട്ടൽ തുടങ്ങുന്നത് വൈകിയിരുന്നു. കഴിഞ്ഞ ദിവസം പണി പുനരാരംഭിക്കാനായി എത്തിയപ്പോഴാണ് താൻ ലക്ഷങ്ങൾ മുടക്കി പാട്ടത്തിനെടുത്ത സ്ഥലം മണൽ വിൽപന ശാലയ്ക്ക് സമാനമായി കമ്പനി മാറ്റിയത് കണ്ടത്.സ്ഥലത്തേക്ക് പ്രവേശിക്കാൻ പോലും കഴിയാത്ത വിധം മണൽ കൂട്ടിയിട്ടിരിക്കുകയാണ്.
അധികൃതർക്ക് പരാതി നൽകി സ്ഥലത്തുനിന്ന് നിർമാണ സാമഗ്രികൾ നീക്കം ചെയ്യണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും കമ്പനി അധികൃതർ ഗൗനിക്കാൻ തയ്യാറായില്ല. നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടുള്ള ഈ കൈയേറ്റത്തിനെതിരെ ഗതാഗത -പൊതുമരാമത്ത് മന്ത്രിമാർക്കും ദേശീയപാത അതോറിറ്റിക്കും ജില്ലാ കളക്ടർക്കും സുരേഷ് ബാബു പരാതി നൽകി. ഒരു സാധാരണക്കാരന്റെ സ്വപ്ന പദ്ധതിയെ തകർക്കുന്ന നിർമാണക്കമ്പനിയുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.



