സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് പദ്ധതി : നിക്ഷേപത്തുക വിതരണം ചെയ്തു

Pathanamthitta
Print Friendly, PDF & Email

പന്തളം – പ്രവർത്തനം നിലച്ചുപോയ കുളനട സർവീസ് സഹകരണ ബാങ്കിലെ 291 നിക്ഷേപകർക്ക് 2.21 കോടി രൂപ കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് പദ്ധതി മുഖേനെ വിതരണം ചെയ്തു. പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന വിതരണോദ്ഘാടനവും പദ്ധതി വിശദീകരണവും കേരളാ സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡ് അംഗം അഡ്വ. കെ ജെ ജോസഫ് നിർവഹിച്ചു. സഹകരണ മേഖലയിലെ നിക്ഷേപങ്ങളുടെ സൂരക്ഷിതത്വം ഉറപ്പു വരുത്തുന്ന പദ്ധതിയാണ് കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും നിക്ഷേപത്തിന് ഗാരന്റിത്തുക സർക്കാർ ഉയർത്തിയിട്ടുണ്ട്. സഹകരണ ബാങ്കുകളിലെ 10 ലക്ഷം രൂപ വരെയുള്ള വ്യക്തിഗതനിക്ഷേപങ്ങൾക്ക് കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് മുഖേനെ സർക്കാർ പരിരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അഡ്വ. കെ ജെ ജോസഫ് പറഞ്ഞു.

കാൻസർ, വൃക്കരോഗം, കരൾ രോഗം, പാരാലിസിസ്, ഗുരുതര ശസ്ത്രക്രിയയ്ക്ക് വിധേയമായവർ ഉൾപ്പെടെയുള്ള അവശരായ സഹകാരികൾക്ക് അംഗസമാശ്വാസ പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ 75,25,000 രൂപ വിതരണം ചെയ്തു. 105 പ്രാഥമിക കാർഷിക വായ്പാ സംഘം, രണ്ട് സഹകരണ ആശുപത്രി, 47 എംപ്ലോയീസ് സഹകരണ സംഘം, 19 വനിതാ സഹകരണ സംഘം, 48 പട്ടികജാതി/ പട്ടികവർഗ സഹകരണ സംഘം തുടങ്ങി ജില്ലയിൽ എഴുന്നൂറോളം സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് നീതി സ്റ്റോർ, സഹകരണ സൂപ്പർ മാർക്കറ്റ്, മരുന്നുകളുടെ വില നിയന്ത്രിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റ് എന്നിവയും പ്രവർത്തിക്കുന്നു. ജില്ലയിൽ സഹകരണ ബാങ്കുകളിലൂടെ ഏറ്റവുമധികം കാർഷിക വായ്പകളും വിതരണം ചെയ്തു.

കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ അധ്യക്ഷനായി. കേരളാ സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡ് ജോയിന്റ് രജിസ്ട്രാർ ടി എസ് ലത, പത്തനംതിട്ട ജോയിന്റ് ഡയറക്ടർ ( ഓഡിറ്റ് ) എം പി സുജാത, കോഴഞ്ചേരി സർക്കിൾ സഹകരണ യൂണിയൻ ചെയർപേഴ്സൺ എം ജി പ്രമീള, പത്തനംതിട്ട ഡെപ്യൂട്ടി രജിസ്ട്രാർ എസ് കണ്ണൻ, കേരള കോപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ ജില്ലാ സെക്രട്ടറി ജി ബിജു, തിരുവല്ല സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. പ്രമോദ് ഇളമൺ, കോഴഞ്ചേരി അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ബി അനിൽകുമാർ, ജനപ്രതിനിധികൾ, വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *