ചീഫ് മിനിസ്‌റ്റേഴ്‌സ് മെഗാക്വിസിൽ സർവ്വം പിണറായി മയം : ഇത് പി.ആറിന്റെ മാരക വേർഷനോ.. ?

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കുള്ള ചീഫ് മിനിസ്‌റ്റേഴ്‌സ് മെഗാക്വിസും പിണറായിയെ പ്രകീർത്തിക്കാനുള്ള കുറുക്കുവഴിയെന്ന് ആക്ഷേപം ഉയരുന്നു. മെഗാക്വിസ് എന്നു കേട്ട് പങ്കെടുക്കാൻ എത്തുന്ന വിദ്യാർഥികൾക്ക് മുന്നിലേക്ക് പിണറായി ഉത്തരമായി വരുന്നതോടെ സർക്കാരിന്റെ വികസന പദ്ധതികൾ സംബന്ധിച്ചതോ ആയ ചോദ്യങ്ങളാണ് ഇട്ടു കൊടുക്കുന്നത്.

മുഖ്യമന്ത്രിയുടെ പേരിലുളള മെഗാക്വിസ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പ്രചാരണത്തിന് വിദ്യാർഥികളെ കരുവാക്കുന്നതിനാണെന്നുള്ള ആക്ഷേപം പ്രതിപക്ഷ അധ്യാപക സംഘടനകൾ ഉയർത്തുന്നുണ്ട്. ഇവരുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് ക്വിസിൽ വന്നിട്ടുള്ള ചോദ്യങ്ങൾ.

‘ഇന്ത്യയിൽ ആദ്യമായി അതിദാരിദ്ര്യ മുക്തമായ സംസ്ഥാനം കേരളമാണ്. 2025 നവംബർ ഒന്നിന് ഈ പ്രഖ്യാപനം നടത്തിയതാര് ?’ എന്നതായിരുന്നു സ്‌കൂൾ തലത്തിലെ ഒരു ചോദ്യം.

ഇതിന്റെ ഉത്തരം പിണറായി വിജയൻ എന്നാണ്. ‘പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം സാമൂഹിക സുരക്ഷാ പെൻഷൻ വീണ്ടും വർദ്ധിപ്പിച്ചത് എത്ര രൂപയായിട്ടാണ്സി ?’ എന്നാണ് മറ്റൊരു ചോദ്യം.

കോളജ് തലത്തിലെ ഒരു ചോദ്യം ‘പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യ ഭാഷാ സാഹിത്യ സാംസ്‌കാരിക മ്യൂസിയത്തിന്റെ പേരെന്താണ് ?’ എന്നായിരുന്നു.

വിവിധ വകുപ്പുകളെക്കുറിച്ചാണ് ചോദ്യമെങ്കിലും മന്ത്രിസഭാംഗങ്ങളുടെ കൂട്ടത്തിൽ ചോദ്യങ്ങളിൽ പരാമർശമുള്ളതും ഉത്തരമായി വരുന്നതും പിണറായി വിജയന്റെ പേര് മാത്രം. സിപിഎം മുഖ്യമന്ത്രിമാരായ ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഇ.കെ.നായനാർ എന്നിവരുടെ പേര് ഉത്തരമായി വരുന്ന ചോദ്യങ്ങളുമുണ്ട്.

പദ്ധതികളെക്കുറിച്ചും മറ്റും വിദ്യാർഥികളോട് വിശദീകരിക്കാനുള്ള അവസരമാണിത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള പബ്ലിക് റിലേഷൻസ് വകുപ്പ് ആണ് മത്സരം സംഘടിപ്പിക്കുന്നത്. സംസ്ഥാനതല വിജയികൾക്ക് ലക്ഷങ്ങളാണ് സമ്മാനം. മത്സരത്തിനു തയ്യാറെടുക്കാനായി സർക്കാർ പദ്ധതികളെക്കുറിച്ചും മുഖ്യമന്ത്രിയും മന്ത്രിമാരും എൽഡിഎഫ് സഹയാത്രികരും മറ്റുമെഴുതിയ ലേഖനങ്ങൾ ഉൾപ്പെടുത്തി പ്രത്യേക പുസ്തകം പിആർഡി ഇറക്കിയിരുന്നു.

പിഎം ശ്രീയിൽ നിന്ന് സിഎം ശ്രീയിലേക്ക് എന്നാണ് ഇതിനെ എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എം.എൻ. കാരശേരി വിശേഷിപ്പിച്ചിരിക്കുന്നത്. സിഎം മെഗാക്വിസിലൂടെ ലക്ഷ്യമിടുന്നത് ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ ചെറിയൊരു വിളവെടുപ്പാണെന്ന് അദ്ദേഹം മനോരമ ദിനപത്രത്തിലെ തന്റെ പ്രതിവാര കോളത്തിൽ പരാമർശിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ പബ്ലിക് റിലേഷൻസ് വകുപ്പ് നടത്തുന്ന ‘സിഎം മെഗാ ക്വിസിന്’ ഒരുക്കാനായി ‘എന്റെ കേരളം’ എന്ന പേരായ ഒരു പുസ്തകവും പുറത്തിറക്കിയിരുന്നു. സംസ്ഥാനം വിവിധ രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ വിസ്തരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും പിന്തുണക്കാരും എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്. ഇതുപഠിച്ച് ക്വിസ് പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കണമെന്ന് മുകളിൽനിന്ന് നിർദ്ദേശമുണ്ട്. വിജയികളാകുന്ന വിദ്യാർഥികൾക്ക് നല്ല തുക സമ്മാനമായി ലഭിക്കും.

സ്‌കൂൾതലത്തിൽ നേരത്തെ നടന്നുവന്ന എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളുടെ പേര് മുഖ്യമന്ത്രിയുടെ പേരിലാക്കിയതിനൊപ്പമാണ് മുഖ്യമന്ത്രിയുടെ പേരിൽ തന്നെ പുതിയ ക്വിസ് പരിപാടി നടത്തുന്നത് എന്ന് കാരശേരി പറയുന്നു.

ദോഷം പറയരുതല്ലോ, നാരായണ ഗുരു, എം.ടി. വാസുദേവൻ നായർ തുടങ്ങിയ ഉത്തരങ്ങൾ എഴുതേണ്ട ചില ചോദ്യങ്ങളുമുണ്ട്. പൊതുവേ 20162026 കാലത്തെ ഭരണനേട്ടങ്ങൾ ആണ് പ്രതിപാദ്യം. അതായത് ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ ചെറിയൊരു വിളവെടുപ്പാണ് ലക്ഷ്യം. നാളെ കുട്ടികൾ പഠിക്കണം, ഓർക്കണം, അതു പറഞ്ഞു നടക്കണം. ‘പാഠങ്ങൾ ഇളം പ്രായത്തിലേ പിടികൂടുക’ എന്ന ചൊല്ല് ഓർക്കുന്നതിൽ തെറ്റില്ല.

പതിവില്ലാത്ത ഇത്തരമൊരു ക്വിസ് കൊണ്ടുവരുന്നതും അതിനു ചീഫ് മിനിസ്‌റ്റേഴ്‌സ് മെഗാ ക്വിസ് എന്ന് പേരിടുന്നതും തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് എന്ന് സർക്കാർ വിമർശകർക്ക് തോന്നിയേക്കാം. അതു കണക്കാക്കുന്നില്ല. ജനാധിപത്യം ഇളംകുരുന്നുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പുതിയ രീതിയാണിത്.

2016 മുതൽ രൂപംകൊള്ളാനാരംഭിച്ച ‘നവകേരള’ സമൂഹത്തിന്റെ ഭാവവും ഭംഗിയും വീര്യവുമെല്ലാം യുവാക്കളും ആഴത്തിൽ പഠിച്ചിരിക്കണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ബോധ്യം. നവകേരള സദസ്സിൽ മുഖ്യമന്ത്രിയോടൊപ്പം ആഹാരം കഴിക്കുകയും ആത്മീയ ചർച്ചകളിൽ പങ്കാളികളാവുകയും ചെയ്ത ‘പൗരപ്രമുഖർ’ മാത്രം മനസ്സിലാക്കിയാൽ പോരാ എന്ന തിരിച്ചറിവിന് വിദ്യാഭ്യാസ വകുപ്പിന്റെ നടത്തിപ്പുകാരെ ഓരോ കേരളീയനും വേണ്ടി ഞാൻ അഭിനന്ദിക്കുന്നു. കൂട്ടത്തിൽ വിനയപൂർവ്വം ഓർമ്മപ്പെടുത്തട്ടെ: പരിപാടിയുടെ പേര് സിഎം ശ്രീ എന്നാക്കിയാൽ ശരിക്കും പൊളിക്കുമെന്നും കാരശേരി കോളത്തിൽ പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *