അടൂർ – നമ്മുടെ നാടും അനുദിനം സുരക്ഷിതമല്ലാതാകുന്നു. അടൂരിൽ കാർ യാത്രക്കാരനെ സംഘം ചേർന്ന് മർദ്ദിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതിയെ പോലീസ് പിടികൂടി. കൊടുമൺ പുതുമല ചിരണിക്കൽ ഷാജിവിലാസത്തിൽ സുധി ഷാജി(27) ആണ് അറസ്റ്റിൽ ആയത്. അടൂരിൽ നിന്നും മണ്ണടി ഭാഗത്തേക്ക് പോവുകയായിരുന്ന യാത്രക്കാരനെ അടൂർ നെല്ലിമൂട്ടിപ്പടിയിൽ വച്ചാണ് പ്രതികൾ തങ്ങളുടെ കാർ കുറുകേയിട്ട് തടഞ്ഞത്. അതിന് ശേഷം ഡോർ ബലമായി പിടിച്ചു തുറന്നു ഡ്രൈവറെ കമ്പിവടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. കാറിന്റെ റിയർവ്യൂ ഫ്രെയിമും ഹാൻഡിലും അടിച്ചു പൊട്ടിക്കുകയും കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചു വാങ്ങി കടന്നുകളയുകയുമായിരുന്നു. സംഘത്തിൽ നാലുപേർ ഉണ്ടായിരുന്നു.
കഴിഞ്ഞദിവസം പുലർച്ചെ ഒരു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത. കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരവേ ഒന്നാം പ്രതിയെ കൊടുമണിൽ നിന്ന് പിടികൂടി. പോലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അനൂപ് രാഘവൻ, എ.എസ് ഐ. വിനോദ്, സിപിഒ മാരായ അർജുൻ, മനോജ്,ഇജാസ്,സുധീഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഒന്നാംപ്രതി മുമ്പും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു പ്രതികൾ ഒളിവിലാണ്.


