തോക്കുമായി ബന്ധുവീട്ടിലെത്തി ഭീഷണിയും അക്രമവും ; യുവാവ് അറസ്റ്റിൽ

Crime
Print Friendly, PDF & Email

പത്തനംതിട്ട: വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ബന്ധുവായ യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. നന്നുവക്കാട് പൂര്‍ണിമ വീട്ടില്‍ വിഘ്‌നേഷ്( 34) ആണ് പിടിയിലായത്. പ്രതിയുടെ മാതൃസഹോദരി പുത്രി സുചിത്ര(29) യാണ് പരാതിക്കാരി. ചൊവ്വാഴ്ച രാത്രി സ്‌റ്റേഷനിലെത്തി സുചിത്ര കുഞ്ഞമ്മയുടെ മകനായ വിഘ്‌നേഷ് വീട്ടിലെത്തി അമ്മൂമ്മയുടെ ദേഹത്ത് ചീഞ്ഞ ഭക്ഷണസാധനങ്ങള്‍ ഇടുകയും അസഭ്യം വിളിക്കുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി അറിയിച്ചു. തന്നെ തടഞ്ഞു നിര്‍ത്തി ധരിച്ച വസ്ത്രം ശരിയല്ലെന്ന് ആക്ഷേപിച്ചുവെന്നും പറഞ്ഞു. സുചിത്രയുടെ മൊഴി പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.ആയുധ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. എസ്.ഐ കെ.ആര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. വിഘ്‌നേഷ് ഇതിനു മുമ്പും സുചിത്രയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും വീട്ടിലെ സാധനങ്ങള്‍ അടിച്ചു പൊട്ടിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 14 ന് സി.സി.ടി.വിയും കാറിന്റെ ഗ്ലാസുകളും ഹോക്കി സ്റ്റിക്കു കൊണ്ട് അടിച്ചു തകര്‍ത്തു. ഇതിനെതിരേ പോലീസില്‍ പരാതി നല്‍കിയതിന്റെ വിരോധത്താലാണ് ചൊവ്വാഴ്ച തോക്കുമായി അതിക്രമം കാട്ടിയത്.

പ്രതിയുടെ വീട് പരിശോധനിച്ചപ്പോള്‍ പിസ്റ്റള്‍, റൈഫിള്‍ രൂപങ്ങളിലുള്ള ഒരോ തോക്ക് വീതം കണ്ടെടുത്തു. രണ്ടു തോക്കിന്ും ലൈസന്‍സ് ഇല്ല. വിഘ്‌നേഷിന് ഹൈദരാബാദില്‍ ആപ്പിള്‍ ഫോണ്‍ കമ്പനിയിലായിരുന്നു ജോലി. സ്വഭാവ ദൂഷ്യം കാരണം പിരിച്ചുവിട്ടു. ഒരു മാസമായി നാട്ടിലുണ്ട്. രണ്ടു തോക്കുകളും ഹൈദരാബാദില്‍ നിന്നും കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. ഭാര്യ പിണങ്ങിമാറി കഴിയുകയാണ്. തോക്കുകള്‍ എ.ആര്‍. ക്യാമ്പ് ആയുധ വിഭാഗം പരിശോധിച്ചു. തോക്കിന്റെ ഉറവിടം സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്. തോക്ക് ഫോറന്‍സിക് ലബോറട്ടറിയില്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കും. പ്രതി ഇത് മുമ്പ് ഏതെങ്കിലും കുറ്റകൃത്യം നടത്താന്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അനേ്വഷണം നടക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *